നാട്ടിലേക്ക് മടങ്ങാന്‍ മസ്കത്ത് വിമാനത്താവളത്തിലെത്തി; പിന്നെ സന്ദീവ് എങ്ങോട്ടു പോയി ?

മസ്‌കത്ത്: നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കണ്ണൂര്‍, കാട്ടാമ്പള്ളി സ്വദേശി സന്ദീവിനെയാണ് മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് നവംബര്‍ അഞ്ച് മുതല്‍ കാണാതാകുന്നത്. സന്ദീവിനെ കണ്ടെത്തുന്നതിന് സഹായം അഭ്യർഥിച്ച് കെ. സുധാകരന്‍ എംപി ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവറിന് കത്തയച്ചു.

ബാത്തിന ഗവര്‍ണറേറ്റിലെ മുലദ്ദയില്‍ എട്ട് വര്‍ഷത്തോളമായി വര്‍ക്ക്‌ഷോപ്പ് മെക്കാനിക് ആയി ജോലി ചെയ്യുകയാണ് സന്ദീവ്. കോവിഡ് കാരണം പ്രതിസന്ധിയില്‍ ആയതോടെ സന്ദീവ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനായി വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍ സുരേഷ് ആണ് സന്ദീവിനെ മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിച്ചത്.

കണ്ണൂരിലേക്കുള്ള വിമാനത്തില്‍ പോകേണ്ടിയിരുന്ന സന്ദീവ് ബോര്‍ഡിംഗ് പാസ് സ്വീകരിച്ചിട്ടില്ലെന്നും വിമാനത്തില്‍ കയറിയിട്ടില്ലെന്നുമാണ് വിവരം. പിന്നീട് സന്ദീവ് ആരെയും ബന്ധപ്പെട്ടിട്ടുമില്ല. നാട്ടില്‍ നിന്ന് വിളിച്ചപ്പോഴാണ് സന്ദീവ് നാട്ടില്‍ എത്തിയിട്ടില്ലെന്ന് ഒമാനിലെ സുഹൃത്തുക്കളും അറിയുന്നത്.

വിവരം അറിഞ്ഞ കെ.സുധാകരന്‍ എംപി തന്റെ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മലയാളിയെ കണ്ടെത്താന്‍ നടപടികളെടുക്കണമെന്ന് ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെടുകയായിരുന്നു.