കാഴ്ച പോയി; പക്ഷാഘാതം; മലയാളിയെ പൊന്നുപോലെ നോക്കി പാക്ക് യുവാവ്

സ്നേഹബന്ധത്തിന് മുന്നിൽ അതിർത്തികൾ മായുന്ന കഥകളിൽ പുതിയൊരു ഏടുകൂടി എഴുതിച്ചേർക്കുകയാണ് ദുബായിൽ. രോഗം ബാധിച്ച് രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട മലയാളിയെ യാതൊരു നേട്ടവും ആഗ്രഹിക്കാതെ പരിചരിക്കുന്നത് പാക്കിസ്ഥാനി യുവാവ്. കോട്ടയം മുണ്ടക്കയം സ്വദേശി തോമസിനെയാണ് സ്നേഹം നൽകി പാക്കിസ്ഥാനിയായ മുഹമ്മദ് ആസാദ് ചേർത്ത് പിടിക്കുന്നത്.  

30 വർഷത്തിലേറെ സൗദി അറേബ്യയിൽ ജോലി ചെയ്ത ശേഷം ഏഴു വർഷം മുൻപ് തോമസ് ദുബായിലെത്തിയതാണ്. അന്നു മുതൽ 63കാരന് ദുരിതക്കഥകളേ പറയാനുള്ളൂ. ഏറെ കഷ്ടപ്പെട്ട് തരപ്പെടുത്തിയ ജോലി മാസങ്ങളോളം ചെയ്തെങ്കിലും ശമ്പളം ലഭിച്ചില്ല. ഒടുവിൽ സ്ഥാപന ഉടമ ഏറെ മാസത്തെ ശമ്പളകുടിശ്ശിക ബാക്കി വച്ച് മുങ്ങുകയായിരുന്നു.

പിന്നീട് ഒരു സ്വദേശിയുടെ കരുണയാൽ ബർദുബായിൽ  ഇലക്ടോണിക്സ് കട തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇതിനിടയ്ക്കാണ് അസുഖങ്ങൾ വില്ലനായത്. തോമസിന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും പക്ഷാഘാതം വന്ന് ശരീരത്തിന്ടെ ഒരു ഭാഗം തളരുകയും ചെയ്തു. മൂക്കിൻന്റെ എല്ലുകള്‍ തകർന്നിരിക്കുന്നു. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും ഇദ്ദേഹത്തിന് സാധിക്കാതെ ഏറെ ദുരിതത്തിലായി. 

ഇതോടെയാണ് സുഹൃത്തായ പാക്കിസ്ഥാനി യുവാവ് മുഹമ്മദ് ആസാദ് ആരും ആവശ്യപ്പെടാതെ തന്നെ സഹാനുഭൂതിയോടെ എത്തിയത്. കണ്ണിലെ പ്രകാശമണഞ്ഞ തോമസിനെ കൂടപ്പിറപ്പിനെയെന്നവണ്ണം തന്നോട് ചേർത്ത് എല്ലാ കാര്യങ്ങൾക്കും സഹായം നൽകുന്നു. ജാതിയോ മതയോ രാജ്യമോ തനിക്ക് തോമസിനോടുള്ള സ്നേഹത്തിന് വിലങ്ങുതടിയല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

വീസാ കാലാവധി കഴിഞ്ഞു; ചികിത്സയ്ക്ക് നാട്ടിൽ പോകണം

വീസ കാലാവധി കഴിഞ്ഞതിനാൽ തോമസിന് നാട്ടിലേയ്ക്ക് പോകാൻ സാധിക്കുന്നില്ല. പ്രശ്നങ്ങളെല്ലാം തീർത്ത് എത്രയും പെട്ടെന്ന് സ്വന്തം മണ്ണിലേയ്ക്ക് മടങ്ങണമെന്നും ഇല്ലെങ്കിൽ താനീ മരുഭൂമിയിൽ കിടന്ന് മരിച്ചുപോകുമെന്നും തോമസ് കണ്ണീരോടെ പറയുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായ മുഹമ്മദ് ആസാദിന്റെ തുച്ഛമായ വരുമാനമാണ് തോമസിന് ഭക്ഷണവും താമസവും ഒരുക്കുന്നത്.

അടിയന്തരമായി ഇദ്ദേഹത്തിന് ചികിത്സയും സഹായവും നൽകുകയും തുടർന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്യാൻ അധികൃതർ തയാറാകണമെന്നും ഇതിന് തങ്ങൾ ശ്രമം നടത്തിവരികയാണെന്നും സാമൂഹിക പ്രവർത്തകരായ കോഴിക്കോട് സ്വദേശികളായ റയീസ് പൊയിലുങ്കൽ, സമാൻ അബ്ദുൽ ഖാദർ എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക്:+971 567468444.