എന്നും അന്നം വിളമ്പുന്ന ഉമ്മ; ഫോൺവിളിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്; കനിവ്

സാമൂഹ്യ സേവനത്തിൽ നിശബ്ദ സാന്നിധ്യമാണു സ്വദേശി വനിത ഗുബൈശ റുബയ്യ സഈദ് അൽകിത്ബി. വീടിനു സമീപമുള്ള പൊലീസ് ചെക്ക് പോയന്റിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഭക്ഷണമുണ്ടാക്കി എത്തിക്കുകയാണു ഇവർ. പ്രാതലും ഉച്ചയൂണും അത്താഴവുമെല്ലാം വിശക്കുന്നവർക്കു ഉദാരമായി നൽകുന്നു. മൂന്നു നേരം മനുഷ്യരെ ഊട്ടുന്ന ഗുബൈശയുടെ പുണ്യ പ്രവൃത്തിയറിഞ്ഞാണു ഷെയ്ഖ് മുഹമ്മദ് ബ്ൻ സായിദ് അവരെ ടെലഫോണിൽ വിളിച്ച് സന്തോഷമറിയിച്ചത്. 'ഇത് എന്റെ കടമയാണ്. നിർബന്ധമായ കടമകൾക്കപ്പുറമൊന്നും ഞാൻ ചെയ്തിട്ടില്ല. അവർ ഞങ്ങളുടെ കുടുംബമാണ്' - ഇതാണു ഇതേ കുറിച്ച് മാധ്യമങ്ങളോട് അവർ പറഞ്ഞത്.

അൽഐനിലെ ശുവൈബ് മേഖലയിലാണു ഗുബൈശയും കുടുംബവും താമസിക്കുന്നത്. സമീപത്തുള്ള സുരക്ഷാ പരിശോധന കേന്ദ്രത്തിലെ ജോലിക്കാർക്കാണു പ്രതിഫലമാഗ്രഹിക്കാതെ ഈ ഉമ്മ മാസങ്ങളായി ഭക്ഷണം നൽകുന്നത്. വീടിനു പരിസരത്തുള്ളവരെല്ലം അവരുടെ കൈപുണ്യം അറിഞ്ഞിട്ടുണ്ടാകും. ഈ പരിശോധന കേന്ദ്രം ആരംഭിച്ചതുമുതൽ അണമുറിയാത്ത മഴ പോലെ അവിടേക്കുള്ള ഭക്ഷണപ്പൊതികൾ മുടങ്ങിയിട്ടില്ല.

നിലയ്ക്കാത്ത സേവനത്തിനിടെ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായ ആ വിളി കിട്ടിയത്. അബൂദാബി ദീവാനിൽ (റൂളേഴ്സ് കോർട്ടിൽ) നിന്ന് ഫോണുണ്ടെന്നായിരുന്നു ആദ്യ സന്ദേശം. അധികം വൈകാതെ സലാം പറഞ്ഞു. അബുദാബി കിരീടവകാശിയും യുഎഇ സായുധസേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ സായിദ് ആലു നഹ്യാന്റ സ്വരം കേട്ടു. പരപ്രേരണയില്ലാത്ത പുണ്യപ്രവൃത്തിയെ പ്രശംസിച്ചും പ്രാർഥിച്ചുമുള്ള ശൈഖ് മുഹമ്മദിന്റെ വാക്കുകൾ ഹൃദയത്തിൽ സന്തോഷവും സംതൃപ്തിയും നൽകിയതായി ഗുബൈഷ പറഞ്ഞു.

നമ്മുടെ സ്ത്രീസമൂഹത്തിലെ മാതൃകയാണു ഗുബൈശയെന്നു ഷെയ്ഖ് മുഹമ്മദ് പിന്നീട് ട്വീറ്റും ചെയ്തു. അതിഥികളെ ആദരിക്കുന്ന അറബ് കേളിക്ക് ആധുനിക കാലത്തും പോറലേറ്റിട്ടില്ലെന്ന് ഈ ഉമ്മ തെളിയിക്കുന്നു. സമീപത്തുള്ളവരെല്ലാം തന്റെ കുടുംബാംഗങ്ങളാന്നെന്നു കരുതുന്നതിനാൽ ഗുബൈശയുടെ സൽപ്രവൃത്തിക്ക് ഭംഗംവരുന്നില്ല. 50 വയസ്സുള്ള ഗുബൈശ പത്ത് മക്കളുടെ മാതാവാണ്. 5 ആൺമക്കളും 5 പെൺമക്കളും.