ലക്ഷങ്ങളുള്ള ബാഗ് കളഞ്ഞു കിട്ടിയത് ലുലു ജീവനക്കാരന്; പിന്നീട് നടന്നത്

തന്റെ ജീവനക്കാരന്റെ സത്യസന്ധതയ്ക്ക് സമ്മാനം നൽകി ആദരിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി. ബഹ്റൈൻ ലുലു ഹൈപ്പർ മാർക്കറ്റിലെ ബംഗ്ലാദേശ് പൗരനായ തൊഴിലാളി അബൂബക്കറാണ് ആത്മാർഥത കൊണ്ടും സത്യസന്ധത കൊണ്ടും യൂസഫലിയുടെ ശ്രദ്ധ നേടിയത്. 

സാധനം വാങ്ങാൻ എത്തിയ വ്യക്തിയുടെ ബാഗ് അബൂബക്കറിന് കളഞ്ഞുകിട്ടി. ഇതിൽ 1,100 ദിനാറും ( രണ്ടുലക്ഷത്തിലേറെ രൂപ) ക്രെഡിറ്റ് കാർഡും അടക്കമുള്ള വിലപ്പെട്ട കാര്യങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നത്. അപ്പോൾ തന്നെ ആ ബാഗ് അബൂബക്കർ മാനേജ്മെന്റിനെ ഏൽപ്പിച്ചു. പണം നഷ്ടമായ വ്യക്തി അന്വേഷിച്ചെത്തിയപ്പോൾ അധികൃതർ ബാഗ് തിരികെ നൽകുകയും ചെയ്തു. 

സംഭവം അറിഞ്ഞ യൂസഫലി 200 ദിനാര്‍ പാരിതോഷികം അബൂബക്കറിന് നൽകാൻ നിർദേശിക്കുകയായിരുന്നു. ഏകദേശം അൻപതിനായിരം രൂപയാണ് തൊഴിലാളിയുടെ സത്യസന്ധതയ്ക്കുള്ള സമ്മാനമായി അദ്ദേഹം നൽകിയത്.