നാട്ടിൽ ഭാര്യ മരിച്ചു; ഹൃദയം തകർന്ന് ഒരു മലയാളി കൂടി; നാളെ നാട്ടിലേക്ക്

കോവിഡ് കാലത്ത് കാണേണ്ടി വന്ന ഏറ്റവും വലിയ നോവാണിത്.  ജീവിതത്തിന്റെ ഒരു ഭാഗമായ ഉറ്റവരുടെ മരണവും അവസാന നോക്കിനും വാക്കിനും ഇടമില്ലാത്ത അവസ്ഥയും.  ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയവർ നിരവധി. ഇപ്പോളിതാ ഒരു പ്രവാസി കൂടി എത്തിചേരുകയാണ് ചലനമറ്റ് കിടക്കുന്ന തന്റെ എല്ലാമെല്ലാമായ പ്രിയപത്നിയെ അവസാനമായൊന്ന് കാണാൻ.

 തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രശാന്തൻ പ്രഭാകരൻ നായർ ആണ് ഭാര്യ മിനിയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും വേണ്ടി വരുന്നത്. നാളെ വൈകിട്ട് അഞ്ചിന് അബുദാബി രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് െഎഎക്സ് 538 വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലേയ്ക്ക് തിരിക്കുക. ഭാര്യ മരിച്ച് ദിവസങ്ങളായി നാട്ടിൽ പോകാൻ പറ്റാതെ ദുബായിൽ കുടുങ്ങിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറും നാളെ ഉച്ചയ്ക്ക് ഒന്നിന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്നുണ്ട്.

ദുബായിൽ ട്രക്ക് ഡ്രൈവറായ പ്രശാന്തന്റെ ഭാര്യ മിനി വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഏറെ കാലമായി രോഗബാധിതയായിരുന്ന ഇവർ കഴിഞ്ഞ 4 ദിവസങ്ങളായി ആശുപത്രി വെന്റിലേറ്ററിലായിരുന്നു. വിവരമറിഞ്ഞതു മുതൽ പ്രശാന്തൻ ഏറെ ദുഃഖത്തിലാണ്. ഉടൻ തന്നെ ഇന്ത്യൻ എംബസിയിൽ പേര് റജിസ്റ്റർ ചെയ്തതായും ഇന്നലെ വിമാന ടിക്കറ്റ് ലഭിച്ചതായും സാമൂഹിക പ്രവർത്തകൻ അഡ്വ.ടി.കെ.ഹാഷിക് പറഞ്ഞു. വിജയകുമാറിന്റെ ഭാര്യ മരിച്ചിട്ട് നാളുകളായെങ്കിലും ഏറെ ശ്രമിച്ചിട്ടും നാളത്തേയ്ക്കു പോകാനാണ് വിമാന ടിക്കറ്റ് ശരിയായത്. ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ന് മുൻപിലിരുന്ന് കരയുന്ന ഇദ്ദേഹത്തിന്‍റെ ചിത്രം മലയാളികളുടെ നോവായിത്തീർന്നിരുന്നു.