ഗർഭിണിയായ മലയാളി യുവതിക്ക് നാട്ടിലേക്കു മടങ്ങാൻ സൗകര്യമൊരുക്കണം; ഹർജി

ദുബായിൽ ജോലി ചെയ്യുന്ന ഗർഭിണിയായ മലയാളി യുവതി നാട്ടിലേക്കു മടങ്ങാൻ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. കോഴിക്കോട് സ്വദേശി ആതിരയുടെ പേരിൽ പ്രവാസലോകത്തെ സന്നദ്ധ സംഘടനയാണ് ഹർജി നൽകിയത്.  

കോഴിക്കോട് സ്വദേശി ആതിര ഏഴു മാസം ഗർഭിണിയായതിനാൽ നാട്ടിലേക്കു പോകാനൊരുങ്ങവെയാണ് വിമാനസർവീസ് റദ്ദാക്കിയത്. തന്നെപ്പോലുള്ളവർക്കു നാട്ടിലേക്കു മടങ്ങാൻ സുപ്രീംകോടതി ഇടപെട്ടു സൌകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.

ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയുടെ പേരിൽ ഇൻകാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർ, സന്ദർശകവീസയിലെത്തിയവർ തുടങ്ങിയവരെ മുൻഗണനാക്രമത്തിൽ നാട്ടിലെത്തിക്കാൻ വിമാനസർവീസ് ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. പ്രവാസികളെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തേ സുപ്രീംകോടതി പരിഗണിച്ചിരുന്നെങ്കിലും ഉടൻ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനാകില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്.