സൗദിയിൽ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്കു നീട്ടി

സൗദിയിൽ രാജ്യാന്തര, ആഭ്യന്തര വിമാനസർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്കു നീട്ടി. ജിദ്ദയിൽ  കർഫ്യൂ സമയം വൈകിട്ടു മൂന്നിനു തുടങ്ങും. അതേസമയം, യുഎഇയിൽ രാത്രി എട്ടുമുതൽ രാവിലെ ആറു വരെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.

കോവിഡ്‌19 പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടാഴ്ചത്തേക്കു നിർത്തിവെച്ച രാജ്യാന്തര അഭ്യന്തര വിമാന സർവീസുകൾ അടക്കമുള്ള യാത്രാവിലക്കുകൾ‌ അനിശ്ചിതകാലത്തേക്ക്‌ നീട്ടിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിൽ നിയന്ത്രണങ്ങളും തുടരും. ട്രെയിൻ, ബസ്‌, ടാക്സി എന്നിവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നത്‌ വരെ സർവീസ് നടത്തരുതെന്നു അധികൃതർ നിർദേശിച്ചു. റിയാദ്, മക്ക, മദീന, ഇന്നവയ്ക്കൊപ്പം ജിദ്ദയിലും കർഫ്യൂ വൈകിട്ട് മൂന്നിനു തുടങ്ങും. മദീനയിൽ ഹറമിനോട് ചേർന്ന ആറ് ജില്ലകളിൽ മുഴുവൻസമയ കർഫ്യൂ ഏർപ്പെടുത്തി. യുഎഇയിൽ ഏപ്രിൽ അഞ്ചുവരെ രാത്രി എട്ടുമുതൽ രാവിലെ ആറു വരെ പുറത്തിറങ്ങുന്നവർക്കു കടുത്തപിഴ ശിക്ഷയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സമയത്തു പുറത്തിറങ്ങണമെങ്കിൽ അബുദാബിയിലുള്ളവർ www.adpolice.gov.ae  എന്ന വെബ്സൈറ്റിലും ഇതര എമിറേറ്റുകളിലുള്ളവർ www.move.gov.ae  എന്ന വെബ്സൈറ്റിലും റജിസ്റ്റർ ചെയ്തു അനുമതി നേടണം.  

ഖത്തറിൽ കോവിഡ് ചികിൽസ സൌജന്യമായിരിക്കുമെന്നു അധികൃതർ വ്യക്തമാക്കി. ഹെൽത്ത് കാർഡോ ഖത്തർ ഐഡിയോ ഇല്ലാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. അബുദാബിയിൽ  പാർക്കിംഗ് ഫീസ് മൂന്നാഴ്ച്ചത്തേക്ക് ഒഴിവാക്കിയാതായി മുൻസിപ്പാലിറ്റി ഗതാഗത വിഭാഗം അറിയിച്ചു. യുഎഇയിലെ ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ടു ഏഴു വരെയായിരിക്കും പ്രവർത്തനസമയമെന്നു അധികൃതർ വ്യക്തമാക്കി.