ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഹസ്തദാനം: അബുദാബി പൊലീസിന് ലോക റെക്കോർഡ്

ഒരേസമയം ഏറ്റവും കൂടുതൽ പേർ അണിനിരന്ന് ഹസ്ത ദാനം ചെയ്ത ലോക റെക്കോർ‍ഡുമായി അബുദാബി പൊലീസ്. ഇന്ത്യയുടെ റെക്കോർഡാണ് അബുദാബി മറികടന്നത്. സഹിഷ്ണുതയും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനായി ഒരു ലോകം ഒരു സന്ദേശം എന്ന പ്രമേയത്തിലായിരുന്നു റെക്കോർഡ് നേട്ടം.

ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിനിടെ  മാനവസാഹോദര്യ മാർഗരേഖ ഒപ്പുവച്ചതിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു അബുദാബി പൊലീസിൻറെ ഗിന്നസ് റെക്കോർഡ് ശ്രമം. സമൂഹത്തിൻറഎ വിവിധ തലങ്ങളിലുള്ള 1817 പേരെ അണിനിരത്തിയായിരുന്നു നീളമേറിയ ഹസ്തദാനം നടത്തിയത്. ഇന്ത്യയിലെ 1730 പേരെന്ന റെക്കോർഡാണ് മറികടന്നത്. അബുദാബിയെ സഹിഷ്ണുതയുടെ തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി  സംഘടിപ്പിച്ചത്. 

മദർഹുഡ്, ചൈൽഡ് ഹുഡ് സുപ്രീം കൗൺസിൽ പ്രസിഡന്റും ജനറൽ വിമൻസ് യൂണിയന്റെയും കുടുംബവികസന ഫൗണ്ടേഷന്റെയും ചെയർവുമണുമായ ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറകിന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി പൊലീസ് യൂത്ത് കൗൺസിലാണ് പരിപാടിക്കു നേതൃത്വം വഹിച്ചത്. യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ്  നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, അബുദാബി പോലീസ് ജനറൽ കമാൻഡർ മേജർ ജനറൽ എയർമാർഷൽ ഫാരിസ് ഖലാഫ് അൽ മസ്‌റോയ്‌, ജനറൽ വുമൺസ് യൂണിയൻ ഡയറക്ടർ നൗറ ഖലീഫ അൽ സുവൈദി തുടങ്ങി നിരവധി പ്രമുഖർ ഹസ്തദാനത്തിൽ അണിനിരന്നു.