ഖത്തറിൽ ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ

ഖത്തറിൽ ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ വന്നു. പൗരന്മാരും താമസക്കാരായ മുഴുവൻ പ്രവാസികളും മേൽവിലാസ വിവരങ്ങൾ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ആറു മാസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ നിയമ നടപടി നേരിടേണ്ടി വരും.

വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയുടെ പൂർണമേൽവിലാസം ശേഖരിച്ച് സർക്കാരിൻറെ വികസന പദ്ധതികളുടെ ഭാഗമാക്കുന്നതിനായാണ് മേൽവിലാസ നിയമം. ദേശീയ മേല്‍വിലാസ നിയമപ്രകാരം രാജ്യത്തെ പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള താമസക്കാര്‍ തുടങ്ങിയവഡ നിര്‍ബന്ധമായും മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണം. മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ റജിസ്റ്റര്‍ ചെയ്യാം. മന്ത്രാലയത്തിന്റെ ഏകീകൃത സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും റജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ഖത്തറില്‍ താമസിക്കുന്ന വീടിന്റെ വിലാസം, മൊബൈല്‍, ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം എന്നിവയാണ് പ്രധാനമായും നല്‍കേണ്ടത്. മേല്‍വിലാസ വിവരങ്ങള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്തിരിക്കണം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം അധികൃതരെ മുന്‍കൂട്ടി അറിയിക്കണം. . ജൂലൈ ഇരുപത്തിയാറിനകം റജ്സ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിൻറെ നിർദേശം. റജിസ്റ്റര്‍ ചെയ്തില്ലെങ്കിൽലോ തെറ്റായ വിവരം നൽകിയാലോ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും