പരസ്ത്രീ സല്ലാപം; ഭര്‍ത്താവിനെ ചാറ്റ് ചെയ്ത് കുടുക്കി; കോടതി വിവാഹമോചനം അനുവദിച്ചു

സമൂഹമാധ്യമങ്ങളിൽ പരസ്ത്രീകളുമായി സല്ലപിക്കുന്ന ഭർത്താവിനെ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് യുവതി കുടുക്കി. ഭാര്യയാണെന്നറിയാതെ യുവതിയോടു ചാറ്റ് ചെയ്യുകയും ഒരുമിച്ചു തങ്ങാൻ ക്ഷണിക്കുകയും ചെയ്ത യുവാവാണു കുടുങ്ങിയത്.

ചാറ്റിന്റെ വിശദാംശങ്ങളുമായി കുടുംബകോടതിയെ സമീപിച്ച യുവതിക്കു വിവാഹമോചനം അനുവദിച്ചു. സ്ത്രീക്കു വീടുവച്ചുകൊടുക്കാനും പ്രതിമാസ ചെലവിനുള്ള തുക നൽകാനും  കോടതി ഉത്തരവിട്ടിട്ടുണ്ട്.

അറബ് യുവതിയാണു മുള്ളിനെ മുള്ളുകൊണ്ടുതന്നെ നേരിട്ടത്. 2 വർഷംമുൻപ് വിവാഹിതരായ ഇവർക്ക് 6 മാസം പ്രായമായ ആൺകുട്ടിയുമുണ്ട്. ഭർത്താവിനെ പരസ്ത്രീകളോടൊപ്പം കണ്ടതായി സുഹൃത്ത് അറിയിച്ചതനുസരിച്ച് ഫോൺ ചെയ്തു ചോദിച്ചപ്പോൾ ജോലിയിലാണെന്നായിരുന്നു ഇയാളുടെ മറുപടി. മണിക്കൂറുകളോളം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതും ചില ദിവസങ്ങളിൽ വീട്ടിലേക്ക് വരാത്തതും പതിവാകുക കൂടി ചെയ്തതോടെ യുവതി ‘അന്വേഷണം’ തുടങ്ങുകയായിരുന്നു.