ഷാർജ പുസ്തകമേളയിൽ അമിതാഭ് ബച്ചൻ; റസൂൽ പൂക്കുട്ടിയുടെ പുസ്തക പ്രകാശനം

ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബോളിവുഡ് അഭിനേതാവ് അമിതാഭ് ബച്ചൻ പങ്കെടുക്കും. ബച്ചനെക്കുറിച്ചു, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി രചിച്ച പുസ്തകം പ്രകാശനം ചെയ്യും. ഈ മാസം മുപ്പതിനാണ് പുസ്തകമേളയ്ക്കു തിരിതെളിയുന്നത്.

സാംസ്കാരിക സാഹിത്യ സിനിമാ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ഷാർജ രാജ്യാന്തര പുസ്കമേളയിൽ ആദ്യമായാണ് അമിതാഭ് ബച്ചൻ ഭാഗമാകാനൊരുങ്ങുന്നത്. ഉദ്ഘാടന ദിവസമായ 30ന് വൈകിട്ട്  അഞ്ചു മുതൽ 6.30 വരെ അൽ താവൂനിലെ എക്സ്പോ സെന്ററിലെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിലാണ് ബച്ചൻറെ സാന്നിധ്യം. അമിതാഭ് ബച്ചന്റെ ജീവിതത്തെ ആസ്പദമാക്കി, റസൂൽപൂക്കുട്ടി രചിച്ച സൗണ്ടിങ് ഓഫ് അമിതാഭ് ബച്ചൻ എന്ന ഇംഗ്ളീഷ് പുസ്തകം പ്രകാശനം ചെയ്യും. തുടർന്നു റസൂൽ പൂക്കുട്ടി ബച്ചനുമായി സംവദിക്കും. തുറന്ന പുസ്തകങ്ങള്‍; തുറന്ന മനസുകൾ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രസാധകരാണ് ഭാഗമാകുന്നത്. 

കേരളത്തിലേയും യുഎഇയിലേയും എഴുത്തുകാരുടെ 220 മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യും. സാഹിത്യ നൊബേൽ ജേതാവായ തുർക്കി എഴുത്തുകാരൻ ഒർഹാൻ പാമുക്,  അമേരിക്കൻ ടെലിവിഷൻ അവതാരകൻ സ്റ്റീവ് ഹാർവി, ഹിന്ദി കവിയും തിരക്കഥാകൃത്തുമായ ഗുൽസാർ, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരായ വിക്രം സേത്ത്, അനിതാ നായർ, മാധ്യമപ്രവർത്തകൻ രവീഷ് കുമാർ തുടങ്ങിയവരും പത്തുദിവസം നീളുന്ന മേളയുടെ ഭാഗമാകും.