മലയാളി കുട്ടികളുടെ മരണം; കാരണം രാസവസ്തുവോ കീടനാശിനിയോ; റിപ്പോർട്ട്

ദോഹയിൽ മരിച്ച റിദയും റിഹാനും

മലയാളി നഴ്‌സ് ദമ്പതികളുടെ മക്കൾ മരിച്ചത് രാസവസ്തു അല്ലെങ്കിൽ കീടനാശിനി ഉള്ളിൽ ചെന്നത് കാരണമാകാമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹമദ് മെഡിക്കൽ കോർപറേഷനിലെ എമർജൻസി വകുപ്പിലെ മെഡിക്കൽ സംഘം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കൽ പരിശോധനയുടെ പ്രാഥമിക ഫലത്തിന്റെ അടിസ്ഥാനത്തിൽ രാസവസ്തു അല്ലെങ്കിൽ കീടനാശിനിയാകാം മരണകാരണം എന്നാണ് നിഗമനം. അതേസമയം മന്ത്രാലയത്തിന്റെ ട്രാൻസിഷനൽ ഡിസീസ് കൺട്രോൾ വകുപ്പിന്റെ ഹോട്‌ലൈനിൽ ഇതുവരെ ഭക്ഷ്യവിഷബാധ സംബന്ധിച്ച ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി കുട്ടികളുടെ വീട്ടിൽ എല്ലാവിധ ആരോഗ്യ, സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. കൂടുതൽ വിശദമായ അന്വേഷണങ്ങളും പരിശോധനകളും നടത്തിവരികയാണ്.

ദോഹയിലെ മലയാളി നഴ്സ് ദമ്പതികളായ കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടെയും മക്കളായ റിഹാൻ (മൂന്നര), റിദ  (7 മാസം) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത ഛർദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് അബു ഹമൂർ സെമിത്തേരിയിൽ നടക്കും.