കൈ കാലുകളില്ല; ചുമലു കൊണ്ട് പേന പിടിച്ചു, ചാഞ്ഞു ചാടിയും നീന്തി, അറിയാം യൂസുഫിന്റെ ജീവിതം

ഒരു മനുഷ്യനു ജീവിതത്തിലേയ്ക്ക് പിച്ചവയ്ക്കാനുള്ള അവിഭാജ്യമായ അവയവങ്ങൾ ഒന്നുമില്ലാതെയാണ് യൂസുഫ് ഈ ഭൂമിയിലേക്ക് പിറന്നത്. ഭാവിയിലേക്ക് പറക്കാനുള്ള ചിറകൊന്നും അറ്റിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അറബ് സമൂഹമാധ്യമങ്ങളിൽ പ്രചോദന ശക്തിയായി നിറഞ്ഞു നിൽക്കുന്ന ഈ യുവാവ്.

യുസുഫ് അബൂ ഉമൈറ എന്ന പലസ്തീൻ പൗരന് ഇപ്പോൾ 23 വയസ്സാണ്. കക്ഷത്തിൽ മൊബൈൽ ഫോണുണ്ട്. എല്ലാ ദിവസവും സമൂഹ മാധ്യമത്തിലേക്ക് വരുന്നത് അതുവഴിയാണ്. ചുണ്ടുകൾ കൊണ്ടാണ് ഫോൺ വിളിക്കാനുള്ള നമ്പറുകൾ അമർത്തുന്നത്. ആവശ്യം കഴിഞ്ഞാൽ ഫോൺ അരികിലുള്ള ചക്രക്കസേരയിൽ വയ്ക്കും.ജനിച്ചപ്പോൾ കിട്ടാത്ത കൈകാലുകൾക്ക് പകരം ബുദ്ധി കൊണ്ട് യൂസുഫ് ജീവിതം ആഞ്ഞു തുഴഞ്ഞു. മുന്നിലുള്ള വെല്ലുവിളികളെ ബൗദ്ധികമായി അഭിമുഖീകരിച്ചു. 

ബാല്യകാലം പ്രയാസം നിറഞ്ഞതായിരുന്നു.

വൈകല്യങ്ങൾ ബാല്യകാലത്ത് ഏറെ പ്രയാസവും വ്യസനവും സൃഷ്ടിച്ചിരുന്നു. കൂട്ടുകാരോടൊപ്പം കളിക്കാനാകുന്നില്ല എന്നതായിരുന്നു അതിലൊന്ന്. പക്ഷേ, യൂസുഫിന്റെ കുടുംബം സഹായ സ്തംഭമായി കൂടെ നിന്നു. ഭിന്നശേഷിക്കാരനെന്നത് പ്രത്യാശ കെടുത്തുന്ന ചിന്തയാകാതിരിക്കാൻ അവർ കരുതലും കാവലുമായി. എല്ലാം ഒത്ത ഒരു ഒരാളാണെന്ന വികാരം ഉള്ളിൽ ഉറപ്പിക്കാൻ അവർക്കായതിനാൽ അവനിൽ പ്രത്യാശയുടെ നീരുറവ ഉരുവം കൊണ്ടു.

ഉമ്മയ്ക്കൊപ്പം അവൻ അങ്ങാടിയിലൂടെ നടന്നു പോകുമ്പോൾ അവനിലേക്ക് എല്ലാവരും നോട്ടമെറിയും. പക്ഷേ, ഉമ്മ അവനത് കാണാത്ത വിധം വിദഗ്ധമായി മറയ്ക്കുകയാണ് ചെയ്യുക. മനുഷ്യ ഭാവങ്ങളുടെ പരോക്ഷ പ്രകടനമായ നോട്ടത്തിന്റെ വേദനയിൽ ഉമ്മയും മകനും പലപ്പോഴും കരഞ്ഞതായി യൂസുഫ് പറയുന്നു.

ബുദ്ധിയും ഉൾക്കാഴ്ചയും കൊണ്ട് അവൻ പേന പിടിച്ച് പഠിച്ചു.കൈകളില്ലാത്ത അവൻ ചുമലുകൊണ്ട് പേന പിടിച്ച് ചെറുപ്പത്തിൽ തന്നെ എഴുതാൻ ശീലിച്ചു. മാതാവ് സ്കൂളിൽ ചേർത്തെങ്കിലും സഹപാഠികൾക്കൊപ്പം പഠനം സാധ്യമാകാത്തതിനാൽ അതു ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഒരു അയൽ വാസിയുടെ സഹായത്താൽ പഠനം സാധ്യമായി. സെക്കന്ററി സ്കൂൾ പoനം പൂർത്തിയാക്കിയപ്പോൾ എല്ലാ വിഷയങ്ങളിലും 90 ശതമാനം മാർക്കും യൂസുഫിനുണ്ടായിരുന്നു. തുടർന്ന് നിയമ ബിരുദം നേടാൻ സർവകലാശാലയിൽ ചേർന്നു. പഠനത്തിൽ ഇതു വരെ എല്ലാ വിഷയങ്ങളിലും 93 ശതമാനം മാർക്കുണ്ട്.

ജീവിതത്തിലേയ്ക്ക് പതിയെ...

പതിയെ പതിയെ പരസഹായം കൂടാതെ വൈയക്തിക കാര്യങ്ങൾ നിർവഹിക്കുവാനും ഈ യുവാവ് പ്രാപ്തി നേടി. 

എല്ലാറ്റിനും സഹായം തേടിയിരുന്ന പതിവുകൾക്ക് വിരാമമായി. തനിച്ച് ഭക്ഷണം കഴിക്കാനായി.ഉമ്മയെ ആശ്രയിക്കുന്നത് 20 ശതമാനമായി ചുരുങ്ങിയെന്ന സന്തോഷവുമുണ്ട്. പഠനത്തിലേറെ പ്രയാസം താമസിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്ന് പുറത്തിറങ്ങുന്നതാണ്. 50 ഗോവണിപ്പടികൾ ഇറങ്ങുന്നതാണ് ഏറെ ശ്രമകരം. പേശികൾ വലിഞ്ഞു മുറുകി ദേഹത്തിന്തളർച്ച ബാധിക്കും. ഇലക്ട്രിക് ലിഫ്റ്റ് കെട്ടിടത്തിനുണ്ടെങ്കിലും താമസിക്കുന്ന ഗാസയിൽ വൈദ്യുതി മുടങ്ങുന്നതിനാൽ ലിഫ്റ്റ് പണിമുടക്കത്തിലായിരിക്കും. ഇതാണ് ദൈനംദിന യൂസുഫിന്റെ സഞ്ചാരപഥത്തിലെ വലിയ വിലങ്ങ്.ഇസ്രയേൽ ഉപരോധത്തിൽ ഉരുകുന്ന പരശ്ശതം ജീവനുകളിൽ ഒന്നാണ് യൂസുഫ്.

കായിക വിനോദത്തിലും മിടുക്കൻ 

യൂസുഫിന് നീന്താനറിയാമെന്നത് വിസ്മയങ്ങളുടെ പട്ടിക നീട്ടുന്നു. മാഹിർ അബൂ മർസൂഖ് എന്ന പരിശീലകൻ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ചു. ചാഞ്ഞു ചാടിയും മറിഞ്ഞും വെള്ളത്തിൽ അനായാസം നീന്തിത്തുടിക്കും. ഇതിലൂടെയെല്ലാം ലഭിച്ച ആത്മവിശ്വാസത്തിൽ കരാട്ടെ പഠിക്കാനും യൂസുഫ് ചേർന്നിട്ടുണ്ട്.

തളരരുതതെന്ന് സമൂഹത്തോട് 

പ്രഭാത പ്രാർഥനയോടെ ഈ ഭിന്നശേഷിക്കാരന്റെ ഒരു ദിവസം ആരംഭിക്കും. എല്ലാം തയാറാക്കി രാവിലെ യൂണിവേഴ്സിറ്റിയിൽ പോകും. ചക്ര കസേര വാഹനത്തിൽ മടക്കി വച്ച് ഡ്രൈവർമാരുടെ കനിവോടെ യാത്ര. തിരിച്ച് വീട്ടിലെത്തിയാൽ നിയമ പOനത്തിൽ ഗഹനമായ ജ്ഞാനന്വേഷണം. സോഷ്യൽ മീഡിയയിലൂടെ സൗഹൃദ സമ്പർക്കം നടത്തിയ ശേഷം ഉറക്കം.ലോകത്തുള്ള യുവാക്കൾക്ക് വേണ്ടി യൂസുഫ് തന്റെ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ കൊണ്ട് ഇങ്ങനെ കുറിച്ചു.'ജീവിതത്തിൽ നിരാശ പാടില്ല. നിരാശയിൽ ജീവിതവും ഉണ്ടാകില്ല'.ആശയറ്റവർക്ക് ജീവിതത്തിലേക്കു കുതിക്കാനുള്ള ഇന്ധനമാണ് ഭിന്നശേഷിക്കാരനായ യൂസുഫ്