നഷ്ടപരിഹാരമായി ലക്ഷങ്ങൾ വാങ്ങി; മൃതദേഹം വേണ്ടെന്ന് ബന്ധുക്കള്‍; സൗദിയിൽ സംസ്കരിച്ചു

നാലു ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈപറ്റിയ ശേഷം ബന്ധുക്കൾ കൈയൊഴിഞ്ഞ തമിഴ്‌നാട്‌ സ്വദേശിയുടെ മൃതദേഹം സൗദിയിലെ അസീറിൽ സംസ്കരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്‌ തമിഴ്‌നാട്‌ സ്വദേശി കണ്ടസ്വാമി ആത്തിയപ്പൻ(47) മരിച്ചത്‌. രോഗബാധിതനായി നജ്‌റാനിൽ നിന്ന് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

സ്വദേശി പൗരന്റെ കീഴിൽ ജോലി നോക്കിയിരുന്ന ഇദ്ദേഹം ആശുപത്രിയിൽ വച്ച്‌ സ്വാഭാവിക മരണം സംഭവിച്ചു നാട്ടിലേക്ക്‌ അയക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കെയാണ്‌ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്‌. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക്‌ റിപ്പോർട്ടും ആവശ്യപ്പെട്ട്‌ സ്പോൺസർക്കെതിരെ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന്‌ സ്പോൺസർ നാലു ലക്ഷം രൂപ ബന്ധുക്കൾക്ക്‌ കൈമാറി‌. തുക ലഭിച്ച ശേഷം മൃതദേഹം ആവശ്യമില്ലെന്ന് അറിയിക്കുകയും‌ം സൗദിയിൽ തന്നെ സംസ്കരിക്കാൻ തമിഴ്‌നാട്‌ സ്വദേശിയായ ഇസ്മയിൽ എന്നയാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 

ഇവിടെ മറവ്‌ ചെയ്യുന്നതിന്‌ ഇദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ്‌ ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക സ്വദേശിയും കോൺസൽ സി ഡബ്യൂ അംഗവുമായ ഹനീഫ്‌ മഞ്ചേശ്വരത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി‌ സംസ്കരിച്ചത്‌. കുടുംബത്തിന്‌ വേണ്ടി മരുഭൂമിയിൽ ജീവിതം ഹോമിക്കുന്ന പ്രവാസികളുടെ മൃതദേഹം പോലും സ്വീകരിക്കാൻ ബന്ധുക്കൾ തയറാകാതെ പണം പറ്റുന്ന അവസ്ഥ നടുക്കുന്നതാണെന്ന് ഹനീഫ്‌ മനോരമയോട് പറഞ്ഞു.