മാസങ്ങളോളം ശമ്പളം മുടങ്ങി ദുരിതത്തിലായി; 63 മലയാളികളടക്കം ആശ്വാസതീരത്ത്

അബുദാബിയിൽ ഒന്നരവർഷം നീണ്ട ദുരിതത്തിനും നിയമപോരാട്ടങ്ങൾക്കുമൊടുവിൽ കാറ്ററിങ് കമ്പനിയിലെ തൊഴിലാളികൾ നാട്ടിലേക്കു മടങ്ങുന്നു. അറുപത്തിമൂന്നു മലയാളികളടക്കമുള്ളവരാണ് ആശ്വാസതീരമണയുന്നത്. കമ്പനി ഉടമകൾ മുങ്ങിയതിനെത്തുടർന്നു തൊഴിലാളികൾ ദുരിതത്തിലായ വിവരം മനോരമ ന്യൂസിലൂടെയാണ് പുറംലോകമറിയുന്നത്. 

.

അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്നാണ് അൽ വസീത കാറ്ററിങ് കമ്പനിയിലെ തൊഴിലാളികൾ മാസങ്ങളോളം ശമ്പളം മുടങ്ങി ദുരിതത്തിലായത്. 63 മലയാളികളടക്കം 192 തൊഴിലാളികളുടെ ഈ ദുരിതത്തിനാണ് അധികൃതരുടെ കാരുണ്യത്താൽ അറുതിയുണ്ടാകുന്നത്. ബംഗ്ലാദേശ്, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മടങ്ങിപ്പോകുന്നവരുടെ കൂട്ടത്തിലുണ്ട്. കാലാവധി തീർന്ന വീസ, എമിറേറ്റ്സ് ഐഡി, ആരോഗ്യ ഇൻഷൂറൻസ് എന്നിവ എംബസി അധികൃതർ ഇടപെട്ട് റദ്ദാക്കി. മാനവ വിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയത്തിൽ മൊബൈൽ ലേബർ കോടതി വഴി തൊഴിലാളികളുടെ കുടിശ്ശികയ്ക്കുള്ള ചെക്ക് വിതരണം ചെയ്തു. കുടിശ്ശികയിൽ 50 ശതമാനം കിട്ടിയാൽ തിരിച്ചുപോകാൻ തയ്യാറാണെന്ന് തൊഴിലാളികൾ സമ്മതപത്രം നൽകിയിരുന്നു.

തൊഴിലാളികളുടെ പ്രശ്നം മനോരമ ന്യൂസിലൂടെ പുറത്തുവന്നതോടെയാണ് അബുദാബി അബുദാബി ലേബർ വകുപ്പ്, ഇന്ത്യൻ എംബസി, സാമൂഹ്യ സംഘടനകൾ തുടങ്ങിയവർ ഇടപെട്ടത്. ഒടുവിൽ എംബസിയുടെ സഹായത്തോടെ നിയമപരമായ നടപടികൾ പൂർത്തിയാക്കിയാണ് നാട്ടിലേക്കു മടങ്ങുന്നത്.