തയാറെടുപ്പുകൾ പൂർത്തിയായി; ബഹിരാകാശനിലയത്തിലേക്ക് യുഎഇ

രാജ്യാന്തരബഹിരാകാശനിലയത്തിലേക്കുള്ള യുഎഇയുടെ ആദ്യ സഞ്ചാരി നാളെ യാത്ര തിരിക്കും. വൈകിട്ട് അഞ്ച് അൻപത്തിയാറിനു കസാഖിസ്ഥാനിൽ നിന്നാണ് യാത്ര. യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.

ബഹിരാകാശ രംഗത്ത് യുഎഇയുടെ അഭിമാനക്കുതിപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി. കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് യുഎഇ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി പുറപ്പെടും. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണു സഹയാത്രികർ. 

യു.എ.ഇ.യുടെ പ്രതീകമായി സുഹൈൽ എന്ന പാവക്കുട്ടിയും വിശുദ്ധ ഖുർആനും ഹസ്സ അൽ മൻസൂറിക്കൊപ്പമുണ്ടാകും. പട്ടുകൊണ്ടുള്ള യുഎഇ പതാക, രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ 17 ടീമിനൊപ്പം നിൽക്കുന്ന ചിത്രം തുടങ്ങിയവയും  മൻസൂറി ഒപ്പം കരുതുന്നുണ്ട്. യാത്രയ്ക്കുള്ള സോയുസ് എംഎസ് 15 പേടകം സജ്ജമായി. 

വിക്ഷേപണത്തിനുള്ള സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂർ കോസ്മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയിൽ തയ്യാറായിക്കഴിഞ്ഞു. ആറു മണിക്കൂർകൊണ്ട് ബഹിരാകാശ നിലയത്തിലെത്തും. ഒക്ടോബർ നാലിനാണ് മടക്കയാത്ര. ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന പത്തൊൻപതാമത്തെ രാജ്യമായിരിക്കും യുഎഇ.