ഇന്ത്യയിലെ യുഎഇ സംരംഭകർക്ക് ഉടൻ അംഗീകാരമെന്ന് മന്ത്രി

ഇന്ത്യയിൽ നിക്ഷേപത്തിനു താൽപര്യമുള്ള ഇരുന്നൂറിലേറെ യുഎഇ സംരംഭകരുടെ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകുമെന്നു കേന്ദ്ര വാണിജ്യറെയിൽ മന്ത്രി പീയൂഷ് ഗോയൽ. പതിനേഴു നിക്ഷേപകർക്കു അനുമതി നൽകിയതായി യുഎഇ സന്ദർശനത്തിനിടെ മന്ത്രി വ്യക്തമാക്കി. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണപദ്ധതികൾ കർമസമിതി വിലയിരുത്തി.

ഇന്ത്യയിലെ അടിസ്ഥാനസൌകര്യ വികസന മേഖലയിൽ 7,500 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ യുഎഇ സന്നദ്ധത പ്രകടിച്ചിട്ടുണ്ടെന്നു വാണിജ്യറയിൽമന്ത്രി പിയൂഷ് ഗോയൽ യുഎഇയുടെ ഔദ്യോഗിക വാർത്താഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിന്റെ തുടർനടപടികൾ കൂടുതൽ വേഗത്തിലാക്കും. യുഎഇയുടെ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ ഇന്ത്യ പങ്കാളിയാകുമെന്നും നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

അബുദാബിയിൽ നടന്ന ഏഴാമത് സംയുക്ത കർമസമിതി യോഗത്തിൽ വിവിധ പദ്ധതികൾ അവലോകനം ചെയ്തു. എണ്ണ, പ്രകൃതിവാതകം, വ്യോമയാനം,  നിർമാണം, ഭക്ഷ്യസംസ്കരണം, പാരമ്പര്യേതര ഊർജം, ഷിപ്പിങ്, അടിസ്ഥാന സൌകര്യവികസനം തുടങ്ങിയ മേഖലകളിൽ സംയുക്ത പദ്ധതികൾക്കു രൂപം നൽകുന്ന കാര്യവും സമിതി പരിഗണിച്ചു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ നാല് മെഗാ പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.