വിൽപത്രം റജിസ്റ്റർ ചെയ്യാന്‍ നിയമം ഉദാരമാക്കി യു.എ.ഇ

യു.എ.ഇയിൽ ഇസ്ലാം മതവിശ്വാസികളല്ലാത്ത താമസക്കാർക്കു വിൽപത്രം തയ്യാറാക്കാനും റജിസ്റ്റർ ചെയ്യാനുമുള്ള നിയമം ഉദാരമാക്കി. വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഇനി ഒറ്റ വിൽപത്രത്തിൽ റജിസ്റ്റർ ചെയ്യാം. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ കോടതിയുടേതാണു സുപ്രധാന തീരുമാനം.

ദുബായ്, റാസൽഖൈമ എമിറേറ്റുകളിലെ സ്വത്തുവകകൾ റജിസ്റ്റർ ചെയ്യാൻ മാത്രമാണ് ഇതുവരെ അനുമതിയുണ്ടായിരുന്നത്.  ഇംഗ്ലിഷ് ഭാഷയിലുള്ള പൊതുനിയമസംവിധാനത്തിനാണു ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ രൂപം നൽകിയത്. പ്രാദേശിക, രാജ്യാന്തര സിവിൽ കേസുകൾ വേഗത്തിലും സുതാര്യമായും ഈ കോടതിയിൽ തീർപ്പുകൽപിക്കും. വിൽപത്രങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഡി.ഐ.എഫ്.സി കോടതിയിൽ നിന്നു വിൽ ഡ്രാഫ്റ്റ്സ്മാൻ ലൈസൻസ് നേടിയവരാകണം വിൽപത്രം തയ്യാറാക്കേണ്ടത്. ഇത് അറ്റസ്റ്റ് ചെയ്ത് ഒരു പകർപ്പ് കക്ഷിക്കു നൽകും. ഒരു പകർപ്പ് കോടതിയിൽ സൂക്ഷിക്കും. കക്ഷി മരിച്ചാൽ,  വിൽപത്രത്തിൽ അനന്തരാവകാശിയായി പരാമർശിക്കപ്പെട്ട  വ്യക്തിക്കോ വ്യക്തികൾക്കോ കോടതിയെ സമീപിച്ച് പിന്തുടർച്ചാവകാശത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാം. മുസ് ലിം ഇതര വിഭാഗക്കാർക്ക് തങ്ങളുടെ അനന്തരാവകാശികളെ നിശ്ചിക്കാനും സ്വത്തു കൈമാറാനും കഴിയുംവിധം വിൽപത്രം തയ്യാറാക്കി റജിസ്റ്റർ ചെയ്യാം. ഇസ്ളാം മതവിശ്വാസികൾക്കു ശരിഅത്ത് നിയമമാണ് ബാധകം.