പതിനാറു കരാറുകളിൽ ഒപ്പുവച്ച് യു.എ.ഇയും ചൈനയും; സഹകരണം ശക്തമാക്കും

പ്രതിരോധം, ഭക്ഷ്യസുരക്ഷ ഉൾപ്പെടെ പതിനാറു കരാറുകളിൽ യു.എ.ഇയും ചൈനയും ഒപ്പുവച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ ചൈന സന്ദർശനത്തിനിടെയാണ് കരാറുകളിൽ ധാരണയായത്. നിക്ഷേപരംഗത്ത് സഹകരണം ശക്തമാക്കാനും തീരുമാനമായി.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെയും ഷെയ്ഖ് മുഹമ്മദിന്റെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. സംശുദ്ധ ഊർജം, ബഹിരാകാശം, എണ്ണ, ആരോഗ്യം, ടൂറിസം, പരിസ്ഥിതി, നിക്ഷേപം, വാണിജ്യം തുടങ്ങി 16 സുപ്രധാന കരാറുകളിലൂടെയാണ് ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നത്. ബെയ്‌ജിങിലെ ഡാക്സിങ് രാജ്യാന്തര വിമാനത്താവളത്തിന് 5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 4050 കോടി ദിർഹം ചെലവിൽ താമസ വിനോദ കേന്ദ്രങ്ങൾ നിർമിക്കാനായി ദുബായ് ഇമാർ പ്രോപ്പർട്ടീസുമായി മറ്റൊരു കരാറും ഒപ്പുവച്ചു.

 പങ്കാളിത്തത്തിന്റെ പുതിയ ചക്രവാളം തുറക്കപ്പെട്ടുവെന്നായിരുന്നു ഷെയ്ഖ് മുഹമ്മദിൻറെ പ്രതികരണം. സുസ്ഥിര പങ്കാളിത്തം, സുസ്ഥിര നിക്ഷേപം എന്ന പ്രമേയത്തിൽ നടന്ന ഫോറത്തിൽ ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ അവതരിപ്പിക്കുകയും വിവിധ മേഖലകളിൽ നിക്ഷേപിക്കാൻ വ്യവസായ പ്രമുഖർ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.  യു.എ.ഇ മന്ത്രിമാർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അടക്കമുള്ള വ്യവസായികൾ തുടങ്ങിയവർ ഷെയ്ഖ് മുഹമ്മദിനൊപ്പം വിവിധ യോഗങ്ങളിൽ പങ്കെടുത്തു.