ട്രിപൊളി റോഡ് നാളെ തുറക്കും; ദുബായ്, ഷാർജ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം

ദുബായ്, ഷാർജ പാതയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന ട്രിപൊളി റോഡ് നാളെ തുറന്നു കൊടുക്കും. മിർദിഫ് സിറ്റി സെൻററിനടുത്തു നിന്നു തുടങ്ങി ഷാർജ ഭാഗത്തുള്ള എമിറേറ്റ്സ് റോഡിലെത്തുന്നതാണ് പുതിയ റോഡ്. ഈ ദൂരം പിന്നിടാൻ ഇനി എട്ടു മിനിട്ടു മതിയാകുമെന്നു ആർ.ടി.എ വ്യക്തമാക്കി.

മിർദിഫ് സിറ്റി സെൻററിനു സമീപം ഷെയ്ക് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും തുടങ്ങി ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് വഴി ഷാർജ ഭാഗത്തുള്ള എമിറേറ്റ്സ് റോഡിലെത്തുന്നതാണ് ട്രിപ്പോളി റോഡ്. പന്ത്രണ്ട് കിലോമീറ്റർ പിന്നിടാൻ എട്ടു മിനിട്ടു മതിയാകും. എയർപോർട് റോഡ്, അൽ അമർദി...അൽ ഖവനീജ് ഇടനാഴികൾക്കും അൽ അവീർ-റാസ് അൽ ഖോർ ഇടനാഴിക്കും സമാന്തരമായാണ് പുതിയ റോഡ്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശാനുസരണമാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് ആർടിഎ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. 

ആർടിഎയുടെ പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വികസനം. ഒരു വശത്ത് നിന്ന് 6,000 വാഹനങ്ങളടക്കം ഇരുഭാഗത്തു നിന്നും 12,000 വാഹനങ്ങൾക്കു മണിക്കൂറിൽ ഈ പാതയിലൂടെ സഞ്ചരിക്കാകും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിലെത്താനുള്ള യാത്ര 11 മിനിറ്റിൽ നിന്ന് 4.5 മിനിറ്റായി കുറയ്ക്കുകയും ചെയ്യും. ഷാർജയിലേയ്ക്ക് ട്രിപൊളി സ്ട്രീറ്റിൽ നിന്ന് എമിറേറ്റ്സ് റോഡിലേയ്ക്ക് പോകുന്ന ഭാഗത്ത് മൂന്ന് വരികളുള്ള പാലവും നിർമിച്ചിട്ടുണ്ട്.