അൽഐനിലെ 'മരണക്കൃഷിയിടം'; രണ്ട് ഏഷ്യക്കാരെ പൊലീസ് പിടികൂടി; വിഡിയോ

കഞ്ചാവ് കൃഷി നടത്തിയ രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് തന്ത്രപരമായി പിടികൂടി. 37 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. 'മരണക്കൃഷിയിടം' എന്നാണ് പൊലീസ് സംഭവ സ്ഥലത്തിന് പേരിട്ടിരിക്കുന്നത്. ഇവിടെ നിന്നും കഞ്ചാവ് വേട്ട നടത്തിയതിന്റെ വിഡിയോ പൊലീസ് പുറത്തുവിട്ടു.

അൽഐനിലെ കൃഷിയിടത്തിലായിരുന്നു രഹസ്യമായി കഞ്ചാവ് കൃഷി നടത്തിയത്. ഏജന്റുമാരെ നിയോഗിച്ച് യുവാക്കൾക്കിടയിൽ ലഹരി മരുന്ന് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൃഷിയിടത്തിലെ പ്രത്യേക മുറിയിൽ ലഹരി മരുന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ഇവർ ഏർപ്പെടുത്തിയിരുന്നു. 

ലഹരിമരുന്ന് വിൽപനക്കാരെയും നിർമാതാക്കളെയും തുരത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിമരുന്ന് വിൽപനക്കാർ സമീപിക്കുകയോ ഇവരെക്കുറിച്ച് വിവരം ലഭിക്കുകയോ ചെയ്താൽ പൊലീസിനെ അറിയിക്കണം.