ഖഷോഗിയുടെ കൊലപാതകത്തിൽ പങ്കില്ല; യു.എൻ റിപ്പോർട്ട് തള്ളി സൗദി

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ ഭരണകൂടത്തിനു പങ്കുണ്ടെന്ന യു.എൻ റിപ്പോർട്ട് തള്ളി സൌദിഅറേബ്യ. മുൻവിധികളോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നു സൌദി വിദേശകാര്യസഹമന്ത്രി  ആദിൽ അൽ ജുബൈർ ആരോപിച്ചു. കേസിൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അന്വേഷണം നേരിടണമെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം.

കഴിഞ്ഞ ഒക്ടോബറിൽ തുർക്കിയിലെ സൌദി കോൺസുലേറ്റിനുള്ളിൽ നടന്ന കൊലപാതകത്തിൽ പങ്കില്ലെന്ന സൌദി ഭരണകൂടത്തിൻറെ വാദം തള്ളിയാണ് യു.എൻ നിയോഗിച്ച ആഗ്നസ് കലാമാഡ് ഇന്നലെ റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ട് തള്ളിയ സൌദി, ഭരണാധികാരികള്‍ക്കെതിരെ മുന്‍ധാരണയോടെ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടെന്ന് ആരോപിച്ചു. സൗദി അന്വേഷണത്തില്‍ യു.എന്‍ സ്ഥിരാംഗ രാജ്യങ്ങളുടെ പ്രതിനിധികളുണ്ടെന്നും സൗദി വിദേശകാര്യ സഹ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. കേസിൽ സൌദിയുടെ അന്വേഷണം നേരായ പാതയിലാണ്. സൗദി കിരീടാവകാശിയുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എന്നാലിത് അവ്യക്തതയും വൈരുദ്ധ്യവും നിറഞ്ഞതാണെന്ന് വിദേശകാര്യസഹമന്ത്രി  പ്രതികരിച്ചു. യു.എന്നിലെ 5 സ്ഥിരം അംഗങ്ങളുടെ എംബസി പ്രതിനിധികളും തുര്‍ക്കിയും സൗദിയുടെ അന്വേഷണ സമിതിയിലുണ്ട്. ഇവരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍‌ കുറ്റക്കാരെ കണ്ടെത്തി നടപടികള്‍ പുരോഗമിക്കുകയാണ്. സൗദിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍‌ വേണ്ടി മാത്രമാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയതെന്നു ആദിൽ അൽ ജുബൈർ ആരോപിച്ചു. കേസില്‍ രാജ്യത്തിനു പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കില്ലെന്നും  വിദേശകാര്യസഹമന്ത്രി പറഞ്ഞു.