ആശ്വാസമേകുന്ന മാലാഖമാര്‍ക്ക് ആദരം; നഴ്സുമാർക്ക് പുരസ്കാരവുമായി യുഎഇ

യു.എ.ഇയിലെ ആശുപത്രി കിടക്കകളിൽ ആശ്വാസമേകുന്ന നഴ്‌സുമാർക്ക് ആദരവുമായി എയ്ഞ്ചൽ പുരസ്‌കാരം. യു.എ.ഇയിലെ കാൽലക്ഷത്തോളം വരുന്ന നഴ്‌സുമാർക്കിടയിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നഴ്‌സുമാരുടെ കരുണയറിഞ്ഞ ആർക്കും നാമനിർദേശം സമർപ്പിക്കാം.

സേവനത്തിന്റെ മഹനീയ മാതൃകകളായി പ്രവാസലോകത്ത് കാരുണ്യം ചൊരിഞ്ഞവരെ ആദരിക്കാനൊരു മൽസരം. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരത്തിൽ മലയാള മനോരമയും പങ്കാളിയാകുന്നു. ഓഗസ്റ്റ് രണ്ടിന് ദുബായ് താജ് ഹോട്ടലിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മലയാളത്തിനും ഫിലിപ്പൈൻസ് വിഭാഗത്തിനും പ്രത്യേകമായി രണ്ടു വിജയികളെ തിരഞ്ഞെടുക്കും. ഒരോരുത്തർക്കും സ്വർണാഭരണത്തിനും വീട്ടുപകരങ്ങൾക്കും പുറമെ ഒരു ലക്ഷം രൂപയും നൽകും. 

അവസാന റൌണ്ടിലെത്തുന്ന പത്തുപേർക്കും ജോയ് ആലുക്കാസിന്റെ പ്രത്യേക സമ്മാനം. ഇതാദ്യമായാണ് യുഎഇയിൽ നഴ്‌സുമാർക്കായി പുരസ്‌കാരം ഒരുക്കുന്നത്. ഒരു ജോലിയും നാളേക്ക് മാറ്റിവയ്ക്കാതെ, നമ്മെ കരുതിയവർക്കായി നമ്മുടെ സമ്മാനമാണ് എയ്ഞ്ചൽ പുരസ്‌കാരം.

ആശുപത്രിക്കിടക്കയിൽ നേരിട്ട് കണ്ട മാലാഖമാരെ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യാം. http://www.angelsawardsuae.com/  എന്ന വെബ്സൈറ്റ് വഴി അടുത്തമാസം ആറു വരെയാണ് നാമനിർദേശത്തിനുള്ള സമയപരിധി.