ക്ഷേമത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി യു.എ.ഇ ദേശീയനയരേഖ

യു.എ.ഇയിലെ പൗരൻമാരുടേയും വിദേശികളുടേയും ക്ഷേമത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ദേശീയനയരേഖ പ്രഖ്യാപിച്ചു. പന്ത്രണ്ട് വർഷത്തേക്കുള്ള തൊണ്ണൂറു പദ്ധതികൾക്കാണ് മന്ത്രിസഭ തുടക്കം കുറിച്ചത്. രണ്ടായിരത്തിമുപ്പത്തിയൊന്നോടെ ജീവിതനിലവാര സൂചികയിൽ രാജ്യാന്തരതലത്തിൽ ഒന്നാമതെത്തുകയാണ് ലക്ഷ്യം. 

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ മേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു നയപ്രഖ്യാപനം. നാഷണൽ സ്ട്രാറ്റജി ഫോർ വെൽബീയിങ്‌ 2031 എന്നു പേരിലാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ജീവിതനിലവാരം ഉയർത്തി രാജ്യാന്തരതലത്തിൽ മാതൃകയാകുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. പുതുതലമുറയുടെ ശാരീരിക, മാനസിക, ഡിജിറ്റൽ ആരോഗ്യം മെച്ചപ്പെടുത്തുകയാണു പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇതുവഴി കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സാമൂഹിക ഐക്യം സൃഷ്ടിക്കാനാകുമെന്നും കരുതുന്നു. വികസിത രാജ്യം, യോജിപ്പുള്ള സമൂഹം, വ്യക്തികളുടെ ക്ഷേമം എന്നീ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണു നയരേഖയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഇവ വിലയിരുത്താൻ നിരീക്ഷണസമിതിയേയും നിയോഗിച്ചിട്ടുണ്ട്.