ഗൃഹാതുരസ്മരണ ഉണർത്തി അബുദാബിയിൽ ചെട്ടികുളങ്ങര ഭരണി വേല

അബുദാബിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചെട്ടികുളങ്ങര ഭരണി വേല. ആലപ്പുഴ ഓണാട്ടുകരക്കാരുടെ ഉത്സവമായ ഭരണി വേലയാണ് പ്രവാസ നാട്ടിൽ ഗൃഹാതുരസ്മരണയോടെ ആഘോഷിച്ചത്.

നാട്ടിലെ കാഴ്ചകളും നന്മകളും അതേപടി ആവഹിച്ചാണ് അബുദാബിയിൽ ചെട്ടികുളങ്ങര ഭരണി വേല ആഘോഷിച്ചത്. ചെട്ടിക്കുളങ്ങര അമ്മയെക്കുറിച്ചുള്ള ഈരടികള്‍ക്കൊപ്പം പ്രായം മറന്നു ചുവടുവച്ചു അബുദാബിയിലെ ഓണാട്ടുകരക്കാർ. ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അശ്വതി ഉത്സവത്തിലാണ് കുത്തിയോട്ടം അരങ്ങേറിയത്.

ഓരോ പാട്ടിനും വ്യത്യസ്ഥമായ താളവും ചുവടുകളും ശരീരഭാഷയുമാണ് കുത്തിയോട്ടത്തിന്റെ പ്രത്യേകത. ഓണാട്ടുകരയുടെ രുചിവൈവിധ്യവുമായി കുതിരമൂട്ടില്‍ കഞ്ഞിയും, ചെട്ടിക്കുളങ്ങര മീന ഭരണിയോടനുബന്ധിച്ചുള്ള കുട്ടികളുടെ കെട്ടുകാഴ്ചയും ഉത്സവത്തിന്റെ ഭാഗമായി. ഓണാട്ടുകരയുടെ കലാ സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്നതായിരുന്നു ആഘോഷവും ആചാരങ്ങളും. അബുദാബി ഇന്ത്യാ സോഷ്യൽ സെന്റിലാണ് തുടർച്ചയായ ചെട്ടികുളങ്ങര ഭരണി വേല ആചരിച്ചത്.