മഴയിൽ വലഞ്ഞ് യുഎഇ; കുത്തിയൊലിക്കുന്ന വെള്ളത്തിൽ സാഹസികരക്ഷാദൗത്യം; വിഡിയോ

കഴിഞ്ഞ ദിവസം റാസൽഖൈമയിലുണ്ടായ കനത്ത മഴയിൽ ജീവൻ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുദ്യോഗസ്ഥന് അഭിനന്ദനപ്രവാഹം. റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ സാഖ്വർ അൽ ഖാസിമി ഉൾപ്പെടെയുള്ളവർ റാക് പൊലീസ് ഉദ്യോസ്ഥൻ സലീം ഹുസൈൻ അൽ ഹുതിയെ അഭിനന്ദിച്ച് രംഗത്തെത്തി. 

കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴ യുഎഇയിലെ ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. മഴയിൽ കുടുങ്ങിപ്പോയ വാഹനയാത്രക്കാരെയും പൗരൻമാരെയും രക്ഷപെടുത്താൻ പൊലീസ് സജീവമായി രംഗത്തുണ്ടായിരുന്നു.  വെള്ളക്കെട്ടില്‍ കാറിൽ അകപ്പെട്ട ഒരു കുടുംബത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ വളരെ ബുദ്ധിമുട്ടിയാണ് പൊലീസുദ്യോഗസ്ഥൻ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 

ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച വാഹനം വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു. ഇതുവഴി കടന്നു പോയ റാക് പൊലീസ് രക്ഷക്കെത്തുകയായിരുന്നു. യുവ പൊലീസ് ഉദ്യോഗസ്ഥനായ സലീം ഹുസൈൻ അൽ ഹുതിയാണ് രക്ഷകനായെത്തിയത്.   നിരവധി ആളുകൾ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.  റാസൽഖൈമ ഭരണാധികാരിയും ഉദ്യോസ്ഥനെ പ്രശംസിച്ചു. 

കുറിപ്പ്: ‘ഏതു സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയ്ക്കും സഹായത്തിനും അവരെ സഹായിക്കാൻ റാസൽ ഖൈമ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നത് എനിക്ക് വളരെ അഭിമാനം നൽകുന്ന കാര്യമാണ്. ഈ ആഴ്ച നമ്മൾ കണ്ടൊരു ധീരകൃത്യം റാസൽഖൈമ പൊലീസിലെ നമ്മുടെ സലീം ഹുസൈൻ അൽ ഹുതിയുടേതാണ്. സ്വന്തം ജീവൻ പോലും പണയം വച്ച് ഏറെ ധൈര്യത്തോടെ അദ്ദേഹം വാഹനത്തിൽ കുടുങ്ങിയ എട്ടു പേരെ രക്ഷിച്ചു. സഹപ്രവർത്തകരുടെ സഹായത്തോടെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ നിന്നും അവരെ രക്ഷിക്കാൻ ആ ഉദ്യോഗസ്ഥന് സാധിച്ചു. ഇതിൽ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും ഞാൻ എന്റെ നന്ദിയും ബഹുമാനവും അറിയിക്കുന്നു. പ്രത്യേകിച്ച് സലീം ഹുസൈൻ അൽ ഹുതിയോട്’.