വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ്; കുവൈത്ത് പാർലമെൻ‌റ് ബിൽ അംഗീകരിച്ചു

കുവൈത്തിൽ സന്ദർശക വീസയിലെത്തുന്ന വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന ബിൽ പാർലമെൻ‌റ് അംഗീകരിച്ചു. നാലിനെതിരെ നാൽപ്പത്തേഴു വോട്ടുകൾക്കാണ് നിയമ ഭേദഗതി അംഗീകരിച്ചത്. മന്ത്രിസഭ അംഗീകരിച്ച ശേഷം ബിൽ പ്രാബല്യത്തിൽ വരും.

നിലവിൽ തൊഴിൽ വീസയിലെത്തുന്ന വിദേശികൾക്കു മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രതിവർഷം അൻപതു കുവൈത്ത് ദിനാർ ഫീസ് അടയ്ക്കണം. പുതിയ ഭേദഗതി പ്രകാരം സന്ദർശക വീസയിൽ വരുന്നവരും താത്കാലിക ഇഖാമയിൽ ഉള്ളവരും ആരോഗ്യ ഇൻഷുറൻസ് ഫീസ് അടക്കേണ്ടിവരും. അവർ കുവൈത്തിൽ കഴിയുന്ന കാലത്തേക്കു ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. സന്ദർശക വീസയ്ക്കും താത്കാലിക ഇഖാമയ്ക്കുമുള്ള അപേക്ഷ സ്വീകരിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതായുള്ള രേഖ ഹാജരാക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. അല്ലാത്ത പക്ഷം അപേക്ഷ സ്വീകരിക്കരുതെന്നാണ് നിർദേശം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സന്ദർശ വീസ എടുക്കുന്നതിന് ചെലവേറും. ആരോഗ്യസമിതി രണ്ടു വർഷം മുൻപു അംഗീകാരം നൽകിയ ബില്ലാണ് ഇന്നു ഭൂരിപക്ഷ വോട്ടോടെ പാസാക്കിയത്. പാർലമെൻ‌റ് അംഗീകരിച്ച ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയക്കും. മന്ത്രിസഭയും ബില്ലിനു അംഗീകാരം നൽകിയാൽ നിയമം പ്രാബല്യത്തിൽ വരും.