ഹൈ ടെക് സംവിധാനങ്ങളുമായി യു.എ.ഇയിൽ ന്യൂജെൻ സ്കൂളുകൾ

റോബട്ടിക്സ്, നിർമിത ബുദ്ധി ലാബുകൾ ഉൾപ്പെടെ ഹൈ ടെക് സംവിധാനങ്ങളുമായി യു.എ.ഇയിൽ ന്യൂജെൻ സ്കൂളുകൾ തുടങ്ങുന്നു. ഇതിനായി നൂറ്റിഅൻപതു കോടി ദിർഹമാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുവദിച്ചത്. 

മാറുന്ന ചിന്തകൾക്കും സാങ്കേതികവിദ്യകൾക്കും അനുസരിച്ച് വരും തലമുറയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂജെൻ സ്കൂളുകൾ തുടങ്ങുന്നത്. ആരോഗ്യ,കായിക പരിശീലന കേന്ദ്രങ്ങൾ, പരിസ്ഥിതി പഠന ലാബുകൾ എന്നിവയും സ്കൂളുകളിലുണ്ടാകും. ടെക്നിക്കൽ കോളജുകളെ പ്രത്യേക സാമ്പത്തിക സോണുകളാക്കി മാറ്റുമെന്നു ഫുജൈറയിലെ ടെക്നിക്കൽ കോളജുകളിലെ സന്ദർശനത്തിനു ശേഷം ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഇത്തരം കോളജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കു പുതിയ സംരംഭങ്ങൾ തുടങ്ങാൻ 10 കോടി ദിർഹം വകയിരുത്തുന്നതായും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. 

എണ്ണ, വാതക, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി മേഖലകളിലടക്കം പ്രഫഷനൽ പരിശീലനം നൽകും. അടുത്ത 50 വർഷത്തെക്കുറിച്ചുള്ള പുതിയ ചിന്തകളും പ്രതീക്ഷകളുമാണ് യു.എ.ഇക്കു വേണ്ടത്. വ്യത്യസ്തമായി ചിന്തിക്കുന്ന തലമുറയ്ക്ക് നിലവിലുള്ള വികസനത്തിന്റെ വേഗം ഇരട്ടിയാക്കാനാകുമെന്നും ദുബായ് ഭരണാധികാരി ചൂണ്ടിക്കാട്ടി.