അബുദബിയിൽ വാഹനാപകട മരണങ്ങളിൽ കുറവ്

അബുദബിയിൽ വാഹനാപകട മരണങ്ങളും ഗുരുതര പരുക്കുകളും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. രണ്ടായിരത്തിപതിനെട്ടിൽ മുൻവർഷത്തെ അപേക്ഷിച്ചു ഇരുപത്തിയഞ്ചു ശതമാനം കുറവു വന്നതായി പൊലീസ് അറിയിച്ചു. ഗതാഗതസുരക്ഷയും ബോധവൽക്കരണവും ശക്തമാക്കിയത് കൊണ്ടാണിതെന്നു പൊലീസ് വ്യക്തമാക്കി.

2018ൽ 149 പേരാണ് അബുദബിയിൽ വാഹനാരപകടങ്ങളിൽ മരണപ്പെട്ടത്. രണ്ടായിരത്തിപതിനേഴിൽ ഇതു 199 പേരായിരുന്നു. കാൽനടയാത്രക്കാരെ വാഹനമിടിച്ചുള്ള മരണത്തിലും 38 ശതമാനവും കുറവുണ്ടായി. വാഹനാപകടങ്ങളിൽ ഗുരുതര പരുക്കേൽക്കുന്നവരുടെ എണ്ണം 21.46 ശതമാനവും കുറഞ്ഞു. ഗതാഗത ആരോഗ്യവകുപ്പുകളും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ ശ്രമങ്ങൾ കൊണ്ടാണ് അപകടമരണങ്ങൾ കുറയ്ക്കാനായതെന്നു പൊലീസ് വ്യക്തമാക്കി.

നിർമിത ബുദ്ധി, പട്രോളിങ്, കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടെത്തൽ, ട്രക്കുകളുടെ പരിശോധന തുടങ്ങി നിരവധി മാർഗങ്ങളും പോലീസ് തുടരുന്നുണ്ട്. പോലീസ്. ഗതാഗത സുരക്ഷ, ആംബുലൻസ് ,രക്ഷാദൗത്യ സേവനങ്ങൾ, പൊലീസ് ഏവിയേഷൻ, ദുരന്തനിവാരണ പ്രവർത്തനം തുടങ്ങിയ പ്രധാന മേഖലകൾ  ഏകീകൃതമായി  പ്രവർത്തിച്ചതു ഗുണകരമായെന്നും പൊലീസ് വ്യക്തമാക്കി.