കുവൈത്തിൽ വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും

കുവൈത്തിലെത്തുന്ന വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും. പകരം സിവിൽ ഐഡി കാർഡിൽ റസിഡൻസിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുമെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാസ്പോർട് നഷ്ടപ്പെടുന്നതും പിടിച്ചുവയ്ക്കുന്നതും കാരണമുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും.

ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലെ പ്രവർത്തനം പൂർണമായും യന്ത്രവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി താമസാനുമതികാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. നിലവിൽ റസിഡൻസി വിവരം പാസ്പോർട്ടിൽ സ്റ്റിക്കർ രൂപത്തിൽ പതിക്കാറുണ്ട്. ഓരോ തവണ ഇഖാമ പുതുക്കുമ്പോഴും സ്റ്റിക്കർ പതിക്കുന്നതിന് പാസ്പോർട്ടിലെ പുതിയ പേജ് ഉപയോഗിക്കേണ്ടതായും വരുന്നു. പുതിയ സംവിധാനത്തെക്കുറിച്ചു വ്യാപകമായ ബോധവൽക്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചു. വിദേശികളുടെ പാസ്പോർട്ട് തൊഴിലുടമകൾ പിടിച്ചുവക്കുന്ന പ്രവണത ഇല്ലാതാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് താമസാനുമതികാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി പറഞ്ഞു. സ്റ്റിക്കർ ഒഴിവാക്കുന്നതോടെ കടലാസ് ഉപയോഗം കുറയുമെന്നതാണ് മറ്റൊരു നേട്ടം.