മാർപാപ്പയുടെ യുഎഇ സന്ദർശനം; ചരിത്രനിയോഗവുമായി രണ്ടു മലയാളി വൈദികർ

ഫ്രാൻസിസ് മാർപാപ്പയുടെ അബുദാബി സന്ദർശനത്തിൽ ചരിത്രനിയോഗത്തിനുള്ള കാത്തിരിപ്പിലാണ് രണ്ടു മലയാളി വൈദികർ. അബുദാബിയിൽ മാർപ്പാപ്പയെ സ്വീകരിക്കുന്നത് തൊടുപുഴ സ്വദേശി ഫാദർ ജോൺസൺ അടങ്ങിയ സംഘമായിരിക്കും. അതേസമയം, മാർപ്പാപ്പയ്ക്കൊപ്പം കുർബാനയിൽ സഹകാർമിനാകുന്നതിന്‍റെ സന്തോഷത്തിലാണ് ഫാദർ ജോബി. 

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ ഭാഗമാകാൻ  തിരഞ്ഞെടുക്കപ്പെട്ട രണ്ടു വൈദികരാണ് ഫ്രാൻസിസ്കൻ സഭാ വൈദികരമായ ഫാദർ ജോൺസൺ കടകൻമാക്കലും ഫാ.ജോബി കരിക്കംപള്ളിയും. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സായിദ് സ്പോർട്സ് സിറ്റിയിൽ മാർപാപ്പയോടൊപ്പം കുർബാന അർപ്പിക്കാനുള്ള ഭാഗ്യമാണ് ഫാ. ജോബിയെ തേടിയെത്തിയത്. അപ്രതീക്ഷിതമായ സ്വപ്നനിയോഗമാണിതെന്നാണ് ഫാദർ ജോബിയുടെ പ്രതികരണം.

യുഎഇ സന്ദർശനത്തിലെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 9.15ന് സെന്റ് ജോസഫ്സ് കത്തീഡ്രലിലെത്തുന്ന മാർപാപ്പയെ സ്വീകരിക്കുന്ന മൂന്നംഗസംഘത്തിലൊരാളാണ് തൊടുപുഴ സ്വദേശി ഫാദർ ജോൺസൺ. മാർപ്പാപ്പയെ സ്വീകരിക്കാനുള്ള ദൌത്യം ദൈവാനുഗ്രഹവും അത്യപൂർവ ഭാഗ്യവുമാണെന്ന് മുൻപ് റോമിൽ വച്ച് മാർപാപ്പയെ ദൂരെ നിന്നു കണ്ടു മാത്രം പരിചയമുള്ള ഫാദർ ജോൺസൺ.

അതേസമയം, തിങ്കളാഴ്ച നടക്കുന്ന മതസമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള കർദിനാൾ ബസേലിയോസ് ക്ളിമിസ് കാതോലിക്കാ ബാവ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും.