വാടകക്കുടിശിക കാരണമുള്ള യാത്രാവിലക്ക്; വിമാനത്താവളത്തിൽ പ്രത്യേക കേന്ദ്രം ആരംഭിച്ചു

വാടകക്കുടിശിക കാരണമുള്ള യാത്രാവിലക്കു ഒഴിവാക്കാൻ ദുബായ് വിമാനത്താവളത്തിൽ പ്രത്യേക കേന്ദ്രം. കെട്ടിട വാടക തർക്കം ഒത്തുതീർപ്പാക്കാനാണ് ജഡ്ജിയുടെ സേവനം അടക്കമുള്ള പുതിയ സംവിധാനം തുടങ്ങിയത്. 

പതിനായിരം ദിർഹത്തിനു മുകളിൽ വാടക കുടിശികയുള്ളവർക്ക് രാജ്യം വിടാനാകില്ല എന്നതാണ് നിലവിലെ വ്യവസ്ഥ. യാത്രക്കായ് വിമാനത്താവളത്തിലെത്തുമ്പോഴാണ് വാടക കുടിശിക കാരണം യാത്രാവിലക്ക് വിവരം പലപ്പോഴും പ്രവാസികൾ അറിയുന്നത്. ഈ പശ്ചാത്തലത്തിലാണ് ദുബായ് വിമാനത്താവളത്തിൽ വാടക തർക്ക പരിഹാര കേന്ദ്രം തുടങ്ങിയത്. വാടക കുടിശിക ഉണ്ടെന്നറിഞ്ഞാൽ ഇവിടെ പണമടച്ച് യാത്രാ വിലക്ക് ഒഴിവാക്കാം. അല്ലെങ്കിൽ ജഡ്ജിയുടെ സേവനം തേടി ഒത്തു തീർപ്പിനു ശ്രമിക്കാം. 

വാടക ഭാഗീകമായി നൽകി യാത്ര നടത്താനുള്ള സൗകര്യവുമുണ്ട്. അതേസമയം വാടക കരാറിൽ ഏർപ്പെടുമ്പോൾ അടയ്ക്കുന്ന സെക്യൂരിറ്റി തുക മടക്കി കിട്ടുന്നില്ലെന്ന പരാതികളും ഏറുകയാണ്. അതിനാൽ, വാടക കരാർ ശ്രദ്ധാപൂർവം വായിച്ചതിനു ശേഷം മാത്രം ഒപ്പിടണമെന്നും അറ്റകുറ്റപ്പണി സംബന്ധിച്ചും സെക്യൂരിറ്റി തുക സംബന്ധിച്ചുമുള്ള നിബന്ധനകൾ കൃത്യമായി മനസ്സിലാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർക്കാൻ റേറയുടെ റെന്റ് ഡിസ്പ്യൂട്ട് കമ്മിറ്റിയെ സമീപിച്ച് കേസ് റജിസ്റ്റർ ചെയ്യാവുന്നതാണ്.