റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ട് മോഡലുകള്‍ യുഎഇ വിപണിയിൽ

ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് രണ്ട് പുതിയ മോഡലുകള്‍ യു.എ.ഇ വിപണിയില്‍ അവതരിപ്പിച്ചു. റോയൽ എൻഫീൽഡ് 650 ട്വിൻസ് എന്ന പേരിലാണ് ഇരട്ട സിലിണ്ടറുകളുള്ള മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. 

ഇന്റര്‍സെപ്റ്റര്‍ ഐ.എന്‍.ടി 650, കോണ്‍ടിനെന്റല്‍ ജി.ടി 650 എന്നീ രാജ്യാന്തര മോഡലുകളെയാണ് റോയല്‍ എന്‍ഫീല്‍ഡ് യു.എ.ഇ റോഡുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. 650 സി.സി എന്‍ജിൻ ശേഷിയും, ഇരട്ട സിലിണ്ടറുമുള്ള കരുത്തരാണ് ഈ ബൈക്കുകളെ സവിശേഷമാക്കുന്നത്. ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട 10 വിപണികളിലാണ് ആദ്യം ഇവ പുറത്തിറക്കുന്നതെന്നു റോയൽ എൻഫീൽഡിന്റെ രാജ്യാന്തര മേധാവി അരുൺ ഗോപാൽ പറഞ്ഞു. 

ദുബായിലെ ആർ.കെ. ഗ്ലോബലിന്റെ കീഴിലുള്ള അവന്തി ഓട്ടോമൊബൈൽസിനാണ് യു.എ.ഇ യിലെ റോയൽ എൻഫീൽഡിന്റെ വിപണന ചുമതല. ഇരു മോഡലുകളും ഫെബ്രുവരി മുതല്‍ ഷോറൂമിലെത്തും. എയര്‍, ഓയില്‍ കൂളിങ് സംവിധാനം 7250 ആര്‍.പി.എമ്മില്‍, 47 എച്ച് പി പവര്‍ മുന്നിലും പിന്നിലും ഡിസ്‌ക്‌ബ്രേക്ക് എന്നിവ ഈ മോഡലുകളുടെ പ്രത്യേകതയാണ്. ഇന്റര്‍സെപ്റ്ററിന്റെ വില 19,999 ദിര്‍ഹത്തിൽ തുടങ്ങുമ്പോള്‍ കോണ്‍ടിനെന്റല്‍ ജി.ടി. 650ന് 20,399 ദിര്‍ഹം മുതലാണ് വില.