മൈക് പോംപിയോയുടെ അറബ് രാജ്യങ്ങളിലെ സന്ദർശനത്തിന് നാളെ തുടക്കം

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ അറബ് രാജ്യങ്ങളിലെ സന്ദർശനത്തിന് നാളെ തുടക്കമാകും. സൌദി അറേബ്യ, ഖത്തർ തുടങ്ങി എട്ടു രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന യു.എസ് പ്രസിഡൻറിൻറെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം.

സിറിയയിൽ നിന്നും അമേരിക്കൻ സൈന്യത്തെ സാവകാശം പിൻവലിക്കുമെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രസ്താനയ്ക്കു പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം. രാജ്യാന്തരതലത്തിൽ ട്രംപിനെതിരെ ഏറെ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങളിലേക്കെത്തുന്നത്. ഈ മാസം എട്ടു മുതൽ പതിനഞ്ചുവരെ ജോർദാൻ, ഈജിപ്ത്, ബഹ്റൈൻ, യു.എ.ഇ, ഖത്തർ, സൌദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലെ ഭരണാധികാരികളുമായും വിവിധവകുപ്പ് മേധാവിമാരമായും മൈക് പോംപിയോ കൂടിക്കാഴ്ച നടത്തും.

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ ചർച്ച ചെയ്യും. യെമൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളും ഖത്തറുമായി ബന്ധപ്പെട്ട ജി.സി.സി പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധവും സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനത്തിലെ പ്രധാന അജണ്ടയാണെന്നാണ് റിപ്പോർട്ട്. ഭീകരതയ്ക്കെതിരെയുള്ള യോജിച്ച പോരാട്ടം, സാമ്പത്തികം, വ്യാപാരം, കസ്റ്റംസ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പു തലവൻമാരുമായി ചർച്ച നടത്തും.