ഇന്ത്യ-യു.എ.ഇ സ്ട്രാറ്റജിക് കോൺക്ളേവ് 27 ന്

രണ്ടാമത് ഇന്ത്യ യു.എ.ഇ സ്ട്രാറ്റജിക് കോൺക്ളേവ് ഈ മാസം ഇരുപത്തിയേഴിന് അബുദാബിയിൽ നടക്കും. ഇരുരാജ്യങ്ങളുടേയും നിക്ഷേപപദ്ധതികൾ ഊർജിതമാക്കാനും തുടക്കമിട്ട സംരഭങ്ങളുടെ പുരോഗതി വിലയിരുത്താനുമാണ് കോൺക്ളേവ്. കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കും. 

ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം നിലവിൽ വന്നശേഷം വാണിജ്യ, വ്യവസായ മേഖലകളിലടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കോൺക്ലേവ്. അബുദാബി ഗ്രാന്റ് ഹയാത്തിൽ  യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഉദ്ഘാടനം ചെയ്യും. 

പുതിയ വാണിജ്യവ്യവസായ സംരംഭങ്ങളടക്കമുള്ള കർമപരിപാടികൾക്കു രൂപം നൽകും. ഇന്ത്യയെയും യുഎഇയെയും രാജ്യാന്തര വാണിജ്യ, വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളുമുണ്ടാകും. മേഖലയിലെ വ്യാപാരവ്യവസായ കവാടങ്ങളാക്കി ഇരുരാജ്യങ്ങളേയും മാറ്റാനുള്ള ഭാവിപദ്ധതികളുടെ രൂപരേഖയും തയ്യാറാക്കും. ഇന്ത്യയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും കോണക്ളേവിൽ പങ്കെടുക്കും.