റോഡരികിൽ പണം വിതരണം െചയ്തു; വിഡിയോയിലെ യുവാക്കളെ തേടി ദുബൈ പൊലീസ്

ദുബായിൽ റോഡരുകിൽ രണ്ട് സ്വദേശികൾ സൌജന്യമായി പണം വിതരണം ചെയ്ത സംഭവത്തിൽ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് പണം നൽകുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. യുവാക്കളെ കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ദുബായ് ജുമാറ ബീച്ച് റെസിഡൻസിനടുത്ത് ഒരു വൈകുന്നേരം പണം വിതരണം ചെയ്യുന്ന വ‌ിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മലയാളികൾ അടക്കമുള്ള പ്രവാസികൾ, ഫിലിപ്പീനികൾ, ടാക്സി ഡ്രൈവർമാർ, കാൽനടയാത്രക്കാർ തുടങ്ങിയവർക്കെല്ലാം ആയിരം ദിർഹം വീതം പണം നൽകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

എന്തിനാണ് ഇങ്ങനെ പണം നൽകുന്നതെന്നു ചോദിക്കുമ്പോൾ ഷെയ്ഖ് മുഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ സമ്മാനമെന്നാണ് യുവാക്കൾ നൽകുന്ന മറുപടി. മുറി ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് ഇവർ സംസാരിക്കുന്നത്. 

പശ്ചാത്തലത്തിൽ ദുബായ് ട്രാമും പബ്ലിക് ബസുകളും കടന്നുപോകുന്നുണ്ട്. എന്നാൽ, ഇതെപ്പോഴാണ് സംഭവിച്ചതെന്നോ യാഥാർഥ്യമെന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. 

സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെയാണ് ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയത്. നോമ്പുകാലത്ത് സക്കാത്ത് നൽകുന്നതിന്റെ ഭാഗമായാണോ പണം നൽകിയതെന്നാണ് സംശയം.