ലോകത്തെ ഏറ്റവും ദൃഢതയുള്ള മൊബൈൽ ഫോൺ ദുബായിൽ

ദുബായ് ∙ ലോകത്തെ ഏറ്റവും ദൃഢതയുള്ള മൊബൈൽ ഫോൺ, വെള്ളത്തിൽ വീണാൽ പൊങ്ങിക്കിടക്കുന്ന ഫോൺ, ‘റോബോട്ട്’ മോഡലുകളുടെ നിർമിതി തുടങ്ങിയ വിശേഷണങ്ങളുമായി ‘എക്‌സ് ടച്’ ദുബായ് വിപണിയിൽ. ചൈനീസ് കമ്പനിയാണെങ്കിലും യുഎഇ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നതെന്നും എംഡി ടിംചെൻ പറഞ്ഞു.

എക്‌സ്ടച് എസ്‌ക്‌ബോട്ട് സീനിയർ, എക്‌സ്ടച്ച് എക്‌സ്‌ബോട്ട് ജൂനിയർ എന്നിവക്ക് പുറമെ ഫീച്ചർ ഫോണുകളായ എക്‌സ്‌ബോട്ട് സ്വിമ്മർ, എക്‌സ്‌ബോട്ട് ചാംപ് എന്നിവയാണ് പുതുതായി വിപണിയിൽ ഇറക്കിയത്. ഏത് പരിസ്ഥിതിയിലും ഉപയോഗിക്കാനും ഏത് കാലാവസ്ഥകളെയും അതിജീവിക്കാനും കഴിയും എന്നതാണ് ഫോണിന്റെ പ്രത്യേകത. അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ മിതമായ നിരക്കിൽ ഉപയോക്താക്കൾക്ക് എത്തിക്കുക എന്ന നയത്തിന്റെ തുടർച്ചയായാണ് പുതിയ സംരംഭമെന്ന് ടിംചെൻ വ്യക്തമാക്കി. 

ആൻഡ്രോയിഡ് 8.1 ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം. മീഡിയ ടെക് 6739വി ആയതിനാൽ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കാൻ സഹായിക്കും. മൂന്ന് ജിബി റാം, 32 ജിബി റോം (128 ജിബിവരെ വർധിപ്പിക്കാം) എന്നിവ ഫോണിന്റെ പ്രവർത്തനം സുഗമമാക്കും. 5000എം എ എച്ച് (മില്ലി ആംപിയർ, മണിക്കൂർ) ബാറ്ററി, 13എംപി റിയർക്യാമറ, വിരലടയാള സെൻസർ എന്നിവയും ഇതിന്റെ പ്രത്യേകതയാണെന്ന് ടിം ചെൻ വ്യക്തമാക്കി.