കാൻസർ രോഗിയെന്ന് യുവാവിന്റെ വിഡിയോ; മുഴുവൻ ചികിത്സയും ഏറ്റെടുത്ത് ദുബായ് കിരീടവകാശി

കാൻസർരോഗിയാണെന്നും ചികിൽസയ്ക്ക് ഏതാണ്ട് മൂന്നു മില്യൺ ദിർഹം (അഞ്ചു കോടിയോളം രൂപ) ചിലവ് വരുമെന്നും ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ സ്വാന്തനിപ്പിക്കാൻ ഓടിയെത്തിയത് ദുബായ്‌ കിരീടവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തും. എമിറാത്തി പൗരന്റെ ചികിൽസയ്ക്ക് ആവശ്യമായ മുഴുവൻ തുകയും ഷെയ്ഖ് ഹംദാൻ ഏറ്റെടുത്തു. ഖലീഫ മുഹമ്മദ് റാഷിദ് ദവാസ് എന്ന പൗരനാണ് തന്റെ അസുഖത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. 

കാൻസർ രോഗിയാണെന്നും ചികിൽസയ്ക്ക് ഏതാണ്ട് മൂന്നു മില്യൺ ദിർഹം (അഞ്ചു കോടിയോളം രൂപ) ചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നടക്കില്ലെന്ന് അറിയാമെന്നും ചികിൽസയ്ക്ക് ആർക്കെങ്കിലും സഹായിക്കാൻ സാധിക്കുമോ എന്നും വിഡിയോയിൽ എമിറാത്തി പൗരൻ ചോദിക്കുന്നു. കീമോ തെറാപ്പി ചെയ്തെങ്കിലും അത് ഫലം ചെയ്യില്ലെന്നും വിഡിയോയിലൂടെ ഇദ്ദേഹം പറഞ്ഞു. 

ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഖലീഫ മുഹമ്മദിന്റെ മുഴുൻ ചികിൽസ ചെലവും താൻ ഏറ്റെടുക്കുന്നുവെന്നായിരുന്നു കമന്റ്. ‘താങ്കൾ ധൈര്യശാലിയാണ്, ഞങ്ങളെല്ലാവരും താങ്കൾക്കൊപ്പമുണ്ട്’– ഷെയ്ഖ് ഹംദാൻ കുറിച്ചു. 

യുഎസിൽ ചികിൽസയ്ക്കായി റാഷിദ് ദവാസ് പോയിരുന്നു. ഏതാണ്ട് മൂന്നു വർഷം കൂടിയേ ഇയാൾ ജീവിച്ചിരിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. അടുത്തിടെ ഇയാൾക്ക് ശ്വാസകോശവുമായി ബന്ധപ്പെട്ട് ഒരു ശസ്ത്രക്രിയ നടത്തുകയുണ്ടായി. അവശേഷിക്കുന്ന നാളുകൾ ഇൻസ്റ്റഗ്രാമിലൂടെ പകർത്തി ലോകത്തെ അറിയിക്കുകയാണ് ഖലീഫ മുഹമ്മദ് റാഷിദ് ദവാസ്. ഇൻസ്റ്റഗ്രാമിൽ ഏതാണ്ട് 15000ൽ അധികം ഫോളോവേഴ്സ് ഉണ്ട്.