മയക്കുമരുന്ന് ഉപയോഗിച്ച് പെൺസുഹൃത്ത് മരിച്ചു; മൃതദേഹം ഒളിപ്പിച്ച യുവാവിനെതിരെ ദുബായിൽ കേസ്

അമിതമായി മയക്കുമരുന്ന് കഴിച്ച് പെൺസുഹൃത്ത് മരിച്ച സംഭവത്തിൽ 35 വയസ്സുള്ള കോമറോസ് ഐലന്റ് പൗരനെതിരെ ദുബായ് കോടതിയിൽ കേസ്. പെൺസുഹൃത്തിന് മയക്കുമരുന്ന് വിതരണം ചെയ്തതിനും ഒരുമിച്ച് കഴിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. മരണശേഷം മൃതദേഹം ഇലക്ട്രിക് മുറിയിൽ ഒളിപ്പിക്കുകയും ചെയ്ത കേസ്  ഏറെ നാളുകൾക്ക് ശേഷമാണ് കോടതിയുടെ പരിഗണനയിൽ എത്തിയത്. 

യുഎഇ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

നാലു ദിവസത്തിനുശേഷം പെൺകുട്ടിയെ അവസാനം കണ്ടത് കോമറോസ് ഐലന്റിലെ പൗരനൊപ്പമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കാറിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച കാര്യം വ്യക്തമായത്. കൂടിയ തോതിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് യുവതി മരിച്ചുവെന്നും മൃതദേഹം അജ്മാനിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അജ്മാനിൽ എത്തുകയും ഒരു ഇലക്ട്രിക് മുറിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 

 ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ പ്രതി കുറ്റം നിഷേധിച്ചു. താൻ പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയിട്ടില്ലെന്നും അവൾ കൊണ്ടുവന്ന മരുന്ന് ഉപയോഗിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അജ്മാനിൽ വാഹനത്തിൽ കൊണ്ടുവിട്ടത് താനാണെന്ന് ഇയാൾ സമ്മതിച്ചു. കേസ് വീണ്ടും ഒാഗസ്റ്റ് ഒന്നിന് പരിഗണിക്കും.