ട്രാഫിക് സിഗ്നലിൽ പുഞ്ചിരിതൂവി നോമ്പു ഭക്ഷണവുമായി 18 വർഷം; ഇത് മുഹമ്മദിന്റെ സ്നേഹക്കഥ

പൊതുജനങ്ങള്‍ക്കുള്ള വ്രതവിഭവങ്ങളുമായി സ്വദേശി യുവാവ് റോഡിൽ ഇറങ്ങാൻ തുടങ്ങിയിട്ട് പതിനെട്ട് വർഷം. നോമ്പ് കാലത്തിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും മുഹമ്മദ് ഈസ അൽ കശ്ഫ് എന്ന സ്വദേശി യുവാവിന്റെ സേവന മനസ്സിന് മാത്രം മാറ്റംവന്നിട്ടില്ല. 

നോമ്പ് തുറക്കാനടുത്ത സമയത്ത് ഉമ്മുൽ ഖുവൈൻ റോഡിലൂടെ സഞ്ചരിക്കുന്ന നിങ്ങൾക്ക് ഏതെങ്കിലും ഒരു ട്രാഫിക് സിഗ്നലിൽ മുഹമ്മദ് യൂസുഫിനെ കാണാം. മൊബൈൽ ഫോൺ കൂടി പിടിക്കാൻ കൈ ഒഴിവ് ഇല്ലാത്തതിനാൽ ചെവിയിൽ ഇയർഫോൺ വച്ച് ഇരുകൈകളും നിറയെ ഭക്ഷണ വസ്തുക്കളുമായി അദ്ദേഹം നിങ്ങളുടെ വാഹനത്തിനരികിൽ എത്തും. സിഗ്നലിൽ പച്ച തെളിയുന്നതിനു മുൻപുതന്നെ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ നിങ്ങളുടെ വളയം പിടിച്ച കൈകളിലേക്ക് കൈമാറിയിരിക്കും.  

പുഞ്ചിരിച്ചു സലാം പറഞ്ഞു നോമ്പ് ഭക്ഷണം നൽകുന്ന ഈ പുണ്യപ്രവൃത്തിയിൽ മുഹമ്മദ് മുഴുകിയിട്ടു പതിനെട്ട് വർഷം പിന്നിട്ടിരിക്കുന്നു. ഒരു സർക്കാർ സന്നദ്ധ സംഘടനയ്ക്ക് കീഴിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. ഒരു ദിവസം ആയിരം പൊതികൾ വിതരണം ചെയ്യും. ഭക്ഷണപ്പൊതി വാങ്ങുന്നതിനിടയിൽ ‘അത്താഴത്തിനുള്ള ഭക്ഷണമുണ്ടോ’ എന്ന് ആരെങ്കിലും ദൈന്യതയോടെ ചോദിച്ചാൽ മുഹമ്മദ് യൂസുഫ് അയാൾക്ക് അതിനുള്ള ‘വകയും’ നൽകിയിരിക്കും.   

ഉമ്മുൽഖുവൈൻ എമിറേറ്റ്സ് കനേഡിയൻ യൂണിവേഴ്സ്റ്റിറ്റിയിൽ നിന്നും 2016 ൽ ഉയർന്ന മാർക്കോടെ മീഡിയയിൽ ബിരുദം നേടിയ സ്വദേശിയാണ് മുഹമ്മദ് യൂസഫ് .ചെറുപ്പം മുതലേ വോളണ്ടിയർ ആയി സേവനം ചെയ്യാൻ അതീവ തൽപരനായിരുന്നു. അതുകൊണ്ടു സന്നദ്ധ പ്രവർത്തകനാകാൻ ലഭിക്കുന്ന ഒരു അവസരവും ഒഴിവാക്കാറില്ല.  

ഉമ്മുൽ ഖുവൈനിലെ ഒരു സാമൂഹിക സേവന സംഘടനയിലാണ് അതിനായി അംഗമായത്. ഭക്ഷണ വിതരണത്തിന് അഞ്ചുപേർ  മാത്രമുണ്ടായിരുന്ന ആദ്യകാലത്ത് അതിൽ ഒരാൾ മുഹമ്മദ് യൂസ്ഫ് ആയിരുന്നു. ഇപ്പോൾ ‘റമദാൻ സുരക്ഷയാണ്’ എന്ന പ്രമേയത്തിൽ സംഘടന നടത്തുന്ന നന്മ നിറഞ്ഞ പ്രവൃത്തിയിൽ ഇപ്പോൾ വനിതകൾ അടക്കം എൺപത് അംഗങ്ങൾ ഉണ്ട്. ആളുകളും വ്രതവും മാറി മാറി വന്നെങ്കിലും മുഹമ്മദ് യൂസുഫ് ട്രാഫിക് സിഗ്‌നലുകളിൽ നന്മയുടെ നിലാവായി നിൽക്കുന്നു. മടുപ്പില്ലാത്ത മനസ്സോടെ.