നൊമാനിലെ ജൈവലോകം

ഒമാനിൽ ഒരു മൃഗശാലയുണ്ട്. ഒമാനിലെ ഒരേ ഒരു മൃഗശാല എന്നതാണ് ഇതിൻറെ പ്രത്യേകത. ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ മൃഗശാലയിൽ ഇരുനൂറിലധികം ഇനം ജീവജാലങ്ങളുണ്ട്.

ഇത് നോമാൻ പാർക്ക്. ഒമാനിലെ ഏകമൃഗശാല. മൃഗജീവിതങ്ങളുടെ വേറിട്ട കാഴ്ചകാളണ് ഈ പാർക്കിൽ നിറയെ. ഇവിടെ സന്ദർശകർക്ക് മൃഗങ്ങളുമായി കൂട്ടുകൂടാം... 

അഹമ്മദ് അൽ ബലൂഷിയെന്ന ഒമാനിയുടെ സ്വപ്നവും ആഗ്രഹവുമാണ് എട്ടു കൊല്ലം മുന്പ് നൊമാൻ പാർക്ക് എന്ന ഈ മൃഗശാലയായി മാറിയത്. ഒമാനിലെ വിദ്യാർഥികൾക്കു പഠിക്കാനും കുടുംബങ്ങൾക്കു സമയം ചെലവഴിക്കാനും വേണ്ടിയാണ് അദ്ദേഹം ഇത് ആരംഭിച്ചത്.

ദിവാൻ ഓഫ് റോയൽ കോർട്ടിലെ ഉദ്യോഗസ്ഥനായ അഹമ്മദ് അൽ ബലൂഷിയുടെ സ്വകാര്യ പാർക്കായിരുന്നു ആദ്യം ഇത്. ദുബായിൽ നിന്ന് വാങ്ങിയ പക്ഷികളും മൃഗങ്ങളുമായിട്ടായിരുന്നു തുടക്കം. പിന്നീടാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. 

അലക്സ് എന്ന സിംഹം തന്നെയാണ് ഈ മൃഗശാലയിലെ രാജാവ്. ഇറ്റലിയിൽ നിന്നാണ് അലക്സ് നോമാൻ പാർക്കിലെത്തിയത്. റൂബി എന്ന കടുവയും സന്ദർശകരുടെ പ്രിയതാരമാണ്.

പുലി മുതൽ പൂച്ചവരെ ഇരുനൂറോളം മൃഗങ്ങളുണ്ട് ഇവിടെ. ഒപ്പം ഒട്ടകപക്ഷി മുതൽ അടയ്ക്കാക്കുരുവി വരെയുള്ള പക്ഷികളും. വിവിധ ഇനം പാന്പുകൾ കൂടിയാകുന്പോൾ നോമാൻ പാർക്കിൻറെ പ്രൌഡി പൂർണമാകുന്നു.

സിംഹവും കടുവയും കഴിഞ്ഞാൽ സന്ദർശകർ ഏറെ സമയം ചെലവിടുന്നത് ഒട്ടകപക്ഷിയുടെ അടുത്താണ്. ആളൽപം വികൃതി ആയതു കൊണ്ട് തന്നെ കുട്ടികൾക്കും ഇഷ്ടമേറെ. കുതിരക്കുട്ടികളും മാൻകുട്ടികളുമെല്ലാം സന്ദർശകരുടെ പ്രിയതാരങ്ങളാണ്. ഒപ്പം ഈ കുരങ്ങുകളും.

മൃഗങ്ങളോടുള്ള ഇഷ്ടം മൂത്താണ് ഇത് തുടങ്ങിയതെങ്കിലും മൃഗശാല നടത്തിക്കൊണ്ട് പോകുന്നത് അത്ര എളുപ്പമല്ലെന്ന് അഹമ്മദ് പറയുന്നു. ചെലവു തന്നെ പ്രധാന പ്രശ്നം. മൃഗങ്ങളുടെ ഭക്ഷണത്തിനു തന്നെ മാസം അയ്യായിരം റിയാലിലധികം വേണം. ജീവനക്കാരുടെ വേതനവും മറ്റു ചെലവുകളുമാകുന്പോൾ നടത്തിപ്പ് ചെലവ് പതിനായിരം റിയാലിന് മുകളിലാകും. എല്ലാം സ്വന്തം കയ്യിൽ നിന്നെടുത്ത് ചെലവഴിക്കുകയാണ് അഹമ്മദ് അൽ ബലൂഷി. 

മൂന്നു വർഷം മുന്പ് വരെ സൌജന്യമായിരുന്നു മൃഗശാലയിലേക്ക് പ്രവേശനം. ഇപ്പോൾ ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. സ്വദേശികൾക്ക് അഞ്ഞൂറു ബൈസയും വിദേശികൾക്ക് ഒരു റിയാലുമാണ് നിരക്ക്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൌജന്യമാണ്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒമാനറെ വിനോദ സഞ്ചാര ഭൂപടത്തിൽ സ്വന്തമായൊരു ഇടം നേടിക്കഴിഞ്ഞു നോമാൻസ് പാർക്ക്. ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾ ഒഴിവാക്കാത്ത ഒരിടമാണ് ഇന്ന് ഈ കൊച്ചു മൃഗശാല.