അശ്വതിയുടെ പാട്ടുവിശേഷം

പ്രവാസ ലോകത്തു നിന്നുള്ള ഒരു കൊച്ചു പാട്ടുകാരിയെ പരിചയപ്പെടുത്തകയാണ് ഇനി. അശ്വതി നായർ എന്ന ഈ പന്ത്രണ്ട് വയസുകാരി ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ഗൾഫിലെ സംഗീതലോകത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും തരംഗമാണ് ഈ മിടുക്കിയുടെ പാട്ടുകൾ.

പാട്ടാണ് അശ്വതിയുടെ ലോകം. ചുണ്ടിൽ പാട്ടുമൂളിക്കൊണ്ടല്ലാതെ അശ്വതിയെ കാണാനാകില്ല. പാട്ടിനൊട് അത്രയ്ക്കിഷ്ടമുണ്ട് ഈ പന്ത്രണ്ടുകാരിക്ക്.

ഒപ്പത്തിലെ മിന്നാമിനുങ്ങേ എന്ന ഗാനത്തിൻറെ കവർ വെർഷൻ അവതരിപ്പിച്ചതോടെയാണ് അശ്വതി തരംഗമാകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ അശ്വതിയുടെ ഗാനം, പാട്ടൊരുക്കിയ എം.ജി.ശ്രീകുമാറിൻറെ ശ്രദ്ധയിലും പതിഞ്ഞു. തൻറെ പാട്ട് നന്നായി പാടിയ ഗായികയെ അഭിനന്ദിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, ഒട്ടേറെ വേദികളിൽ ഒപ്പം പാടാൻ അവസരം നൽകുകയും ചെയ്തു.

ഗൾഫിലെ സംഗീത വേദികളിലെ സജീവ സാന്നിധ്യമാണ് ഇന്ന് അശ്വതി. ഒട്ടേറെ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. എവിടെയായാലും തൻറെ ആലാപന മികവു കൊണ്ട് സദസിനെ കീഴടക്കിയിരിക്കും ഈ മിടുക്കി. എ.ആർ. റഹ്മാൻറെ വൺ ഹാർട്ട് കോൺസർട്ടിൻറെ പ്രചാരണസമയത്ത്, അദ്ദേഹത്തിൻറെ മുന്നിൽ പാടാനും അശ്വതിക്ക് അവസരം കിട്ടി. എ.ആർ റഹ്മാൻറെ മിൻസാരപ്പൂവേ എന്ന പാട്ടുപാടിയാണ് അന്ന് അശ്വതി കയ്യടി നേടിയത്.

എസ്.പി.ബാലസുബ്രമണ്യം മുതൽ വിനീത് ശ്രീനിവാസൻ വരെയുള്ളവർക്കൊപ്പം ഒരേ വേദിയിൽ പാടുന്നതിനുള്ള അവസരവും ഈ കുറഞ്ഞ കാലത്തിനുള്ളിൽ അശ്വതിയെ തേടിയെത്തി. 

നാലാം വയസിൽ പാട്ടു പഠിച്ച് തുടങ്ങിയതാണ് അശ്വതി. കേരളത്തിലും ഗൾഫിലുമായി വിവിധ ഗുരുക്കൻമാരുടെ കീഴിൽ പരിശീലനം. അച്ഛൻറെും അമ്മയുടെയും ചേച്ചിയുടെയും ഉറച്ച പിന്തുണയാണ് അശ്വതിയെന്ന ഗായികയെ വളർത്തിയെടുക്കുന്നത്.

സ്വന്തം പേരിൽ ഒരു യു ട്യൂബ് ചാനലുമുണ്ട് അശ്വതിക്ക്. പാടുന്ന എല്ലാ പാട്ടുകളും ഇവിടെ പോസ്റ്റ് ചെയ്യും അശ്വതി. ഒട്ടേറെ പേർ ഈ പാട്ടുകൾ കണ്ട് അശ്വതിക്ക് പ്രോൽസാഹനവും നിർദേശങ്ങളും നൽകാറുണ്ട്. 

പ്രോൽസാഹനങ്ങളെയും നിർദേശങ്ങളെയുമെല്ലാം ഒരേ മനസോടെ കാണുകയാണ് അശ്വതി. തൻറെ പാട്ടുകളെ കുറിച്ച് മറ്റുള്ളവർ പറയുന്ന ഓരോ വാക്കും, തൻറെ പ്രതിഭയെ തേച്ചുമിനുക്കുന്നതിനുള്ള ഊർജമാക്കി മാറ്റുകയാണ് ഈ മിടുക്കി.