റാസല്‍ഖൈമയില്‍ മാസ് വിവാഹം; കിരീടാവകാശിക്കും മംഗല്യം; സാക്ഷിയായി അറബ്‌‌ലോകം

അത്യപൂര്‍വ സമൂഹവിവാഹത്തിന് സാക്ഷിയായി യുഎഇ. റാസല്‍ഖൈമയിലാണ് രാജ്യത്തിന്‍റെ കണ്ണ് മുഴുവന്‍ പതിഞ്ഞ വിവാഹപ്പന്തല്‍ ഉയര്‍ന്നത്. ഒരുങ്ങിനിന്ന വരന്മാരിൽ ഒരാൾ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ആണെന്നതാണ് ഈ വിവാഹവേദിയെ വേറിട്ടതാക്കിയത്. കിരീടാവകാശിക്കൊപ്പം 174 പേരുടെ വിവാഹവും നടന്നു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗ ബിൻ സഖർ അൽ ഖാസിമി ചടങ്ങുകൾക്ക് നേതൃത്വം  നല്‍കി.

ഭരണനേതൃത്വമൊന്നാകെ ചടങ്ങിലേക്ക് ഒഴുകിയെത്തി. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൌദ് ബിൻ റാഷിദ് അൽ മുഅല്ല, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലാ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ക്രൗൺ പ്രിൻസസ് കോർട് മേധാവി ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പങ്കെടുത്തു. 

വിവാഹ വേദിയിൽ 2,000 ചതുരശ്ര മീറ്റർ സ്ഥലം പൂക്കൾ കൊണ്ട് അലങ്കരിച്ചു. ആറു ഹെലികോപ്റ്ററുകൾക്ക് ഒരുമിച്ച് ഇറക്കാനുള്ള സൗകര്യവും വിവാഹ വേദിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.