കുവൈത്തിൽ 45000പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തി

കുവൈത്തിൽ അനധികൃത താമസക്കാരായ 45000 പേർ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം. ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഏപ്രിൽ 22നാണ് അവസാനിക്കുക.. 

പൊതുമാപ്പ് ആരംഭിച്ച് ഒന്നര മാസത്തിനിടെ 25,000 അനധികൃത താമസക്കാരാണ് രാജ്യം വിട്ടത്. 20,000 ആളുകൾ പിഴയടച്ച് താമസം നിയമാനുസൃതമാക്കുകയായിരുന്നു. അതിനിടെ സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അറിയിപ്പ് വന്നതോടെ കൂടുതല്‍ പേര്‍ സന്നദ്ധരായി എത്തുന്നുണ്ട്. ഈ വിഭാഗത്തിലുള്ള 23500 വിദേശികള്‍ക്ക്  ഇഖാമ സാധുതയുള്ളതാക്കാനോ നാട്ടിലേക്ക് തിരിച്ചുപോകാനോ സാധിക്കും. ആനുകൂല്യം പ്രാബല്യത്തിൽ വന്ന ആദ്യദിവസം ഇഖാമ സാധുതയുള്ളതാക്കുന്നതിന് വിവിധ ഓഫീസുകളിൽ 50 പേർ എത്തിയിരുന്നു. എന്നാല്‍ 2016 ജനുവരി മൂന്നിന് ശേഷം ഒളിച്ചോട്ട പരാതിക്ക് വിധേയരായവരെ മാത്രമാണ് പൊതുമാപ്പ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മുപ്പതിനായിരത്തോളം ഇന്ത്യക്കാർ അടക്കം ഒന്നരലക്ഷത്തോളം ആളുകൾ അനധികൃത താമസക്കാരുണ്ടെന്ന നിഗമനത്തിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 22 വരെയായിന്നു ആദ്യം പൊതുമാപ്പ് കാലാവധി എങ്കിലും പിന്നീട് ഏപ്രില്‍ 22 വരെ ദീർഘിപ്പിക്കുകയായിരുന്നു. ഇതോടകം 9800 എമർജൻസി സർടിഫിക്കറ്റ് ഇന്ത്യൻ എംബസി വിതരണം ചെയ്തു. ദിവസേന നാല്‍പതോളം അപേക്ഷകള്‍ ലഭിക്കുന്നതായും എംബസി അറിയിച്ചു.