റിഷിക്കും റോഷനും നീളന്‍ മുടി കളിയല്ല, വേദനയൊപ്പാന്‍..!

കുട്ടിത്തം മാറാത്ത പ്രായക്കാരാണെങ്കിലും അർബുദം എന്താണെന്നും അതിന്‍റെ മാരകാവസ്ഥ എത്രമാത്രമാണെന്നും സഹോദരന്മാരായ റിഷിക്കും റോഷനുമറിയാം. ആധുനിക കാലത്ത് മനുഷ്യ ജീവൻ അപഹരിക്കുന്ന ഇൗ രോഗം മൂലം തലമുടി കൊഴിഞ്ഞ് ദുരിതജീവിതം നയിക്കുന്നവരെ ഇരുവരും സിനിമകളിൽ കണ്ടിട്ടുമുണ്ട്. മാത്രമല്ല, അർബുദ രോഗികൾക്ക് വേണ്ടി പലതും ചെയ്യുന്ന അമ്മയും പിതൃസഹോദരിയും ഇരുവരുടെയും മുൻപിൽ മാതൃകയായുമുണ്ട്.

അതുകൊണ്ടാണ് ദുബായിൽ താമസിക്കുന്ന ഇൗ കുരുന്നുകൾ തങ്ങളുടെ തലമുടി വളർത്താൻ തുടങ്ങിയത്.‌ എട്ട് വയസുകാരൻ റിഷിയാണ് ആദ്യമായി ഇൗ സദുദ്യമത്തിന് തുനിഞ്ഞത്. ഇതുകണ്ട് അഞ്ചു വയസുകാരനായ റോഷനും ചേട്ടനെ അനുകരിച്ചു മുടി വളർത്തി. ഇരുവരും പഠിക്കുന്ന  ആംലഡ് സ്കൂളിലെ കൂട്ടുകാർ പൂർണ പ്രോത്സാഹനവും നൽകി.

ഇരുവരും നീളൻ മുടി നീട്ടി വളർത്താൻ തുടങ്ങിയിട്ട് ഒരു വർഷമായിരിക്കുന്നു. സ്തനാർബുദ രോഗികൾക്കായി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക പ്രേമി മാത്യുവിന്‍റെ നേതൃത്വത്തിൽ മക്കളുടെ തലമുടി അർബുദ രോഗികൾക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥരായ മാതാപിതാക്കൾ, പാലക്കാട് ഷൊർണൂർ സ്വദേശി രാജേഷ് ഗോപിനാഥും രശ്മി ബാലകൃഷ്ണനും. സഹപാഠികളുടെ മാതൃകാപരമായ പ്രവൃത്തി മറ്റു വിദ്യാർഥികളിൽ ഇൗ സേവനത്തിന് പ്രേരണയായിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു