റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ ഒരു മലയാളിയും

റാസല്‍ഖൈമ – വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരിൽ ഒരാൾ മലയാളി. കാസര്‍കോട് തൃക്കരിപ്പൂർ വെള്ളച്ചാൽ സ്വദേശി മടയമ്പത്ത് ശ്രീജിത് (33) ആണ് മരിച്ച മലയാളി. 46കാരനായ പാക്കിസ്ഥാനിയാണ് മരിച്ച രണ്ടാമത്തെയാൾ.പന്ത്രണ്ടുവര്‍ഷമായി റാസല്‍ഖൈമയിലുള്ള ശ്രീജിത് ആര്‍ക്കി മൊബൈല്‍ ഫാക്ടറിയില്‍ ഫാബ്രിക്കേറ്ററായി ജോലിചെയ്യുകയായിരുന്നു. മടായമ്പത്ത് കുഞ്ഞിരാമന്റെയും ശാന്തയുടെയും മകനാണ്. സഹോദരി: ശ്രീജ. റാക് സൈഫ് ആസ്​പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

പുതിയ റിങ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്ക് രണ്ടു കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിയായിരുന്നു വാഹനമോടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ ഏഷ്യക്കാരായ മറ്റുരണ്ട് യാത്രക്കാരെ ട്രാഫിക് പൊലീസ് ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗതത്തിന് ഇതുവരെ തുറന്നുകൊടുക്കാത്ത, പണിപൂര്‍ത്തിയാകാത്ത റിങ് റോഡില്‍ ഡ്രൈവിങ്ങിന് നിയന്ത്രണവും ജാഗ്രതാനിര്‍ദേശവും ആവര്‍ത്തിച്ചുനല്‍കിയിരുന്നുവെന്ന് സെന്‍ട്രല്‍ ഓപറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രി. ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. റോഡുസുരക്ഷയ്ക്ക് ഗതാഗതനിയമങ്ങള്‍ പാലിക്കാന്‍ എല്ലാ ഡ്രൈവര്‍മാരും ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. 

റാസല്‍ഖൈമയിൽ അടുത്ത ദിവസം നടന്ന വാഹനാപകടത്തിൽ സ്വദേശി യുവാവ് മരിച്ചു. നിയന്ത്രണം വിട്ട കാര്‍ റോഡിലെ വിളക്കു കാലില്‍ ഇടിച്ചു തീപിടിക്കുകയായിരുന്നു. 19കാരനായ സ്വദേശി യുവാവാണ് മരിച്ചത്.