അബുദബിയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ

അബുദാബിയിൽ 2017ലെ ഗതാഗത നിയമലംഘങ്ങൾക്ക് 45.5 ലക്ഷം ദിർഹം പിഴ ചുമത്തിയതായി പൊലീസ്. മുന്‍ വര്‍ഷത്തെ ആപേക്ഷിച്ച് അപകടങ്ങളുടെ നിരക്കും പിഴയും കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അമിത വേഗവും ചുവപ്പ് സിഗ്നറല്‍ മറികടക്കുന്നതും പെട്ടന്നുള്ള ലെയ്ന്‍ മാറ്റവുമാണ് കൂടുതല്‍ പേർക്കും പിഴ ലഭിക്കാനിടയായ കാരണങ്ങള്‍. കഴിഞ്ഞ വര്‍ഷമുണ്ടായ 1533 റോഡപകടങ്ങളില്‍ 199 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2016ല്‍ ഇത് 289 ആയിരുന്നു. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണവും കുറഞ്ഞു. അപകട, മരണ നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന് അല്‍ ദാഹിരി പറഞ്ഞു. ഗതാഗത രംഗത്ത് സ്വീകരിച്ച സുരക്ഷാ നടപടികളും ബോധവല്‍കരണവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അപകട, മരണ നിരക്ക് കുറയ്ക്കാനുള്ള നൂതന പരിഷ്കാരങ്ങളുമായി ഗതാഗത വിഭാഗം മുന്നോട്ടുപോകും. ഇരുനൂറോളം രാജ്യക്കാര്‍ വസിക്കുന്ന രാജ്യത്ത് പൊലീസിന്‍റെ ഉത്തരവാദിത്തം ശ്രമകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്നും അദ്ദേഹം പറഞ്ഞു.