ഇന്ത്യയ്ക്കുള്ള ഹജ് ക്വാട്ട സൗദി അറേബ്യ വര്‍ധിപ്പിച്ചു

ഇന്ത്യയ്ക്കുള്ള ഹജ് ക്വാട്ട സൌദി അറേബ്യ വര്‍ധിപ്പിച്ചു. അയ്യായിരം തീർഥാടകർക്കാണ് പുതുതായി അവസരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇത്തവണ 1,75,025 ഇന്ത്യക്കാർക്ക് ഇത്തവണ ഹജ് നിര്‍വഹിക്കാനാകും. 

ഇന്ത്യയും സൌദിയും തമ്മില്‍ ഒപ്പിട്ട ഹജ് കരാര്‍ അനുസരിച്ച് 1,70,025 പേര്‍ക്കാണ് ഹജിന് അനുമതി നല്‍കിയത്. ഇതിന് പുറമെ 5000 പേര്‍ക്കുകൂടി ഹജ് നിര്‍വഹിക്കാന്‍ സൌദി അവസരം നല്‍കുകയായിരുന്നു. ഹറം വികസനത്തിന്‍റെ ഭാഗമായി നേരത്തെ വെട്ടിക്കുറച്ച ക്വാട്ട പുനഃസ്ഥാപിച്ചതിന് പുറമെ അധിക ക്വാട്ട അനുവദിച്ചത് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് അനുഗ്രഹമായി. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ് സംഘം ജൂലൈ 14ന് യാത്ര തിരിക്കും. കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴില്‍ വരുന്ന 40 ശതമാനം ഹാജിമാര്‍ക്കും ഹറമില്‍നിന്നും 1500 മീറ്റര്‍ പരിധിയില്‍ വരുന്ന ഗ്രീന്‍ കാറ്റഗറിയില്‍ താമസ സൌകര്യം ഒരുക്കിയിട്ടുണ്ട്. ശേഷിച്ചവര്‍ക്ക് അസീസിയയിലാണ് താമസം. ഇന്ത്യയിലെ 21 എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍നിന്നുള്ള തീര്‍ഥാടകരെ എയര്‍ ഇന്ത്യയും സൌദി എയര്‍ലൈന്‍സും ചേര്‍ന്ന് പുണ്യനഗരിയിലെത്തിക്കും. കൊച്ചിയില്‍നിന്നുള്ളവരുടെ യാത്ര എയര്‍ ഇന്ത്യയിലായിരിക്കും.