ഹജ്: ഇന്ത്യയിൽ നിന്ന് 5000 തീർഥാടകർക്ക് കൂടി സൗദിയുടെ അനുമതി

ജിദ്ദ:  ഈ വർഷത്തെ ഹജിൽ ഇന്ത്യയിൽ നിന്നുള്ള  അയ്യായിരം തീർഥാടകർക്ക് കൂടി അധികമായി ആതിഥേയ രാജ്യമായ സൗദി അറേബ്യ അനുമതി  നൽകി. ഞായറാഴ്ച ഒപ്പിട്ട ഹജ് കരാറിൽ പറഞ്ഞ 125025 ഹാജിമാരുടെ ആദ്യ  ക്വാട്ടയ്ക്ക് പുറമെയാണ്  ഇത്. ഇതോടെ  ഈ  വർഷം  ഇന്ത്യയിൽ നിന്ന് 1,75,025  തീർഥാടകർക്ക് ഹജിൽ  പങ്കെടുക്കാനാകും. അതേസമയം, ഈ  സീസണിലെ ഹജ്  അപേക്ഷകളുടെ എണ്ണം 3 .6 ലക്ഷമാണെന്ന് ഹജ് കരാറിൽ ഒപ്പു വച്ച  ശേഷം ജിദ്ദ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നു.

മറ്റു സേവനങ്ങൾക്കൊപ്പം  ഈ  വർഷം  വിവര സാങ്കേതിക വിദ്യകൊണ്ടുള്ള പരമാവധി പ്രയോജനം ഇന്ത്യൻ ഹാജിമാർക്ക് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്   കോൺസൽ ജനറൽ നൂർ റഹ്‌മാൻ ഷെയ്ഖ്  വിശദീകരിച്ചു. ഇന്ത്യയുടെ ഇത്തരം നീക്കങ്ങൾ സൗദി അധികൃതരുടെ പ്രശംസ നേടിയിട്ടുണ്ടെന്നും അദ്ദേഹം   തുടർന്നു. 

ഹജ് അക്കൊമഡേഷൻ ലൊക്കേറ്റർ എന്ന മൊബൈൽ ആപ്ലിക്കേഷൻ, ഹജ് മിഷന്റെ വാട്‌സ്ആപ് സേവനങ്ങൾ,  എസ്.എം.എസ് അലർട്ട്  സിസ്റ്റം, രാപ്പകൽ  ഹെൽപ് ലൈൻ സേവനം, ബാഗേജ് സിസ്റ്റം ഏകോപിപ്പിക്കൽ, മൊബൈൽ സിം കാർഡിനൊപ്പം മൃഗബലിയുടെ കൂപ്പണും നാട്ടിൽ വെച്ച് തന്നെ  ഹാജിമാർക്ക് നൽകൽ തുടങ്ങിയവ ഏർപ്പെടുത്താനും നവീകരിക്കാനുമുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഹജ്  മിഷൻ.