കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു

കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിൻ‌റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ നിലവിൽ വന്നു. അമീറിന്‍റെ മകനും അമീരി ദിവാൻ മന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹിനെ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിച്ചു. 

ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് ആണ് വിദേശകാര്യ മന്ത്രി. ആഭ്യന്തര മന്ത്രിയായി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിനെയും മന്ത്രിസഭാ കാര്യ മന്ത്രിയായി അനസ് ഖാലിദ് അൽ സാലെയും ചുമതലയേറ്റു. ഈ മൂന്നു മന്ത്രിമാരും ഉപപ്രധാനമന്ത്രി കൂടിയാണ്. നായിഫ് അൽ ഹജ്‌റഫ് ആണ് ധനകാര്യം മന്ത്രി. സാമൂഹിക, തൊഴിൽ, സാമ്പത്തിക മന്ത്രിയായി ഹിന്ദ് സബീഹ് ബറാക് അൽ സബീഹിനെ തിരഞ്ഞെടുത്തു. ഖാലിദ് നാസർ അൽ റൌദാൻ ആണ് വാണിജ്യ-വ്യവസായ, യുവജന മന്ത്രി. വാർത്താവിതരണ മന്ത്രിയായി മുഹമ്മദ് നാസർ അൽ ജാബ്‌രിയെയും ആരോഗ്യ മന്ത്രിയായി ഡോ.ബാസിൽ ഹമൂദ് ഹമദ് അൽ സബാഹിനെയും നിയമിച്ചു. എണ്ണ, ജല, വൈദ്യുതി വിഭാഗത്തിന്‍റെ ചുമതല ബഖീത് ഷബീബ് അൽ റഷീദിനായിരിക്കും. ജിനാൻ മുഹ്സിൻ റമദാനെ ഭവന, സേവന മന്ത്രിയായും ഹാമിദ് മുഹമ്മദ് അൽ അസ്മിയെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായും ചുമതലപ്പെടുത്തി. ഹുസാം അബ്ദുല്ല അൽ റൂമിയാണ് പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പ് മന്ത്രി. പാർലമെന്‍ററി കാര്യ മന്ത്രിയായി ആദിൽ മുസൈ‌ഇദ് അൽ ഖറാഫിയെയും നീതിന്യായ, ഔഖാഫ്, മതകാര്യ മന്ത്രിയായി ഫഹദ് മുഹമ്മദ് അൽ അഫാസിയെയും നിയമിച്ചു. ജനാധിപത്യ കുവൈത്തില്‍ 55 വര്‍ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ ഭരണം ചക്രം തിരിച്ചത് 34 മന്ത്രിസഭകള്‍.